പെരുവ ആദിവാസികോളനിയിലെ യുവാക്കൾക്ക് സർക്കാർ ജോലി നേടാൻ പരിശീലനം

കണ്ണൂര്‍ കണ്ണവം വനത്തിലെ പെരുവ ആദിവാസി കോളനിയിലെ യുവജനതയ്ക്ക് സര്‍ക്കാര്‍ ജോലി നേടാന്‍ പരിശീലനം നല്‍കി കേളകം പഞ്ചായത്തിന്റെ വഴികാട്ടി പദ്ധതി. ആധുനിക സംവിധാനങ്ങളോട് കൂടിയ പരിശീലന കേന്ദ്രമാണ് ഇവിടെ തുടങ്ങിയിരിക്കുന്നത്. 

കേരളവര്‍മ പഴശി രാജാവിന്റെ പോരാളിയായിരുന്ന തലക്കല്‍ ചന്തുവിന്റെ പിന്‍തലമുറക്കാരാണ് ഇവര്‍. കണ്ണവം വനത്തില്‍ താമസിക്കുന്ന ഇവരുടെ ചുറ്റുപാടാണ് തൊഴില്‍ അവസരങ്ങള്‍ തട്ടിക്കളയുന്നത്. മൂപ്പതിലേറെ കിലോമീറ്റര്‍ സ‍ഞ്ചരിച്ചാലെ സ്വകാര്യ പരിശീലന കേന്ദ്രങ്ങളില്‍ എത്താനാകു. അങ്ങനെയാണ് വഴികാട്ടിയെന്ന പേരില്‍ കേളകം പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കുന്നത്. 

അവധി ദിവസങ്ങളില്‍ മല്‍സര പരീക്ഷകള്‍ക്കുള്ള പരിശീലനം നല്‍കും. മികച്ച അധ്യാപകരെയാണ് ക്ലാസുകളെടുക്കാന്‍ കോളനിയിലെത്തിക്കുന്നത്. പെരുവ പാലയത്തുവയല്‍ സ്കൂളിലാണ് പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ആറുലക്ഷം രൂപ ചിലവഴിച്ചാണ് വഴികാട്ടി നടപ്പിലാക്കിയിരിക്കുന്നത്.