ആദിവാസി കോളനികളില്‍ പുറത്തുനിന്ന് വരുന്നവരെ നിരീക്ഷിക്കും; നടപടി

തിരുവനന്തപുരത്തെ ആദിവാസി കോളനികളിൽ പുറത്തു നിന്നു വരുന്നവരെ നിരീക്ഷിക്കാൻ സിസിടിവി ഉള്‍പ്പെടെയുള്ള പ്രത്യേക പൊലീസ് സംവിധാനം ഏർപ്പെടുത്തുമെന്നു റൂറൽ എസ്.പി ദിവ്യാ വി.ഗോപിനാഥ്. ആത്മഹത്യചെയ്ത ആദിവാസി പെണ്‍കുട്ടികളുടെ വീടുകളിലെത്തി തെളിവെടുത്ത ശേഷമായിരുന്നു പ്രതികരണം. പെരിങ്ങമല ,വിതുര കോളനികളിലായി അഞ്ചു കുട്ടികള്‍ ആത്മഹത്യ ചെയ്ത വാർത്ത മനോരമ ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. 

മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെയാണ് പ്രണയ കെണിയില്‍പ്പെടുത്തുന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇവരില്‍ ചിലരെ ലൈംഗിക ചൂഷണത്തിനും ഇരയാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ലഹരിയും വിതരണം ചെയ്യുന്നുണ്ട്. തുടര്‍ന്നാണ് പുറത്തു നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പടുത്താന്‍ തീരുമാനിച്ചത്. റൂറല് എസ്.പി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം  വെട്ടിക്കാവ്, ഈയക്കോട് കോളനികളിലെത്തി ഊരുകളിലെ താമസക്കാരുമായി സംസാരിച്ചു.

പെണ്കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രണയക്കുരുക്കിനെയും ലഹരിമാഫിയ ഇടപെടലുകളെയും കുറിച്ചുള്ള മനോരമ ന്യൂസ് വാര്ത്തകളെത്തുടര്ന്നാണ്  റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ആത്മഹത്യ ചെയ്ത പെണ്കുട്ടികളുടെ വീടുകളിലെത്തി വിവരങ്ങള് ശേഖരിച്ചത്. 

ലഹരിമാഫിയയുടെ സാന്നിധ്യം മേഖലകളില് രൂക്ഷമാണെന്ന് മാതാപിതാക്കള് മൊഴി നല്കി.ഇതുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കുമെന്നും ബോധവത്ക്കരണ പരിപാടികള്‍ ആരംഭിക്കുമെന്നും റൂറൽ എസ്.പി പറഞ്ഞു. കഴിഞ്ഞ ദിവസം എക്സൈസ് ജോയിൻ്റ് കമ്മിഷണറുടെ നേതൃത്വത്തിലും കഴിഞ്ഞ ദിവസം ഊരുകളിലെത്തി തെളിവെടുത്തിരുന്നു