എൻഡോസൾഫാൻ‌ ദുരിതബാധിത പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി

സംസ്ഥാന സര്‍ക്കാരിന്റെ എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ 287 പേരെ കൂടി പുതുതായി ഉൾപ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയിലെ രണ്ടുപേരും പട്ടികയില്‍ ഇടംനേടി. ഇതിനൊപ്പം മെഡിക്കൽ ക്യാംപിൽ പങ്കെടുത്ത 608 പേർക്ക് ചികിൽസാ സഹായം നൽകാനും തീരുമാനിച്ചു. 

റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായുള്ള ജില്ലാതല സെല്‍ യോഗമാണ് ദുരിതബാധിത പട്ടികയിൽ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയത്. കഴിഞ്ഞ എപ്രില്‍ ആദ്യവാരത്തില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ 27 പഞ്ചായത്തുകളില്‍ നിന്ന് 287 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ആകെ ദുരിതബാധിതരുടെ എണ്ണം 5496 ലേക്ക് ഉയര്‍ന്നു. ഏറ്റവും ഒടുവിൽ നടന്ന മെഡിക്കല്‍ ക്യംപില്‍ പങ്കെടുത്തവരാണ് ചികിത്സാ സഹായത്തിന് അര്‍ഹരായത്. എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തുകൾക്ക് പുറമേയുള്ളവരെ ഇതാദ്യമാണ് പട്ടികയിലേക്ക് പരിഗണിക്കുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള രണ്ടുപേരും പട്ടികയില്‍ ഇടം നേടി. പയ്യന്നൂര്‍ സ്വദേശികളാണ് ഇവര്‍. ദുരിതബാധിതരെ റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും 

അതേസമയം, സെൽ യോഗത്തിൽ പങ്കെടുത്ത മുനീസ അമ്പലത്തറ അടക്കമുള്ള ഇരകളുടെയും സാമൂഹ്യപ്രവർത്തകരുടെയും പ്രതിനിധികൾ സർക്കാർ നിലപാടിൽ അതൃപ്തി അറിയിച്ചു. 2013 ൽ മെഡിക്കല്‍ക്യാംപ് നടക്കുമ്പോഴുള്ള അവസ്ഥയെക്കാൾ ദുരിതബാധിതർ കുറഞ്ഞുവെന്ന് വരുത്താനാണ് സർക്കാർ ശ്രമമെന്നാണ് ആരോപണം. 

എന്‍മകജെ പഞ്ചായത്തിലെ ദുരിതബാധിതയായ ശീലാവതിക്ക് ദുരിതബാധിതര്‍ക്കുള്ള പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പെന്‍ഷന്‍ ലഭിക്കാതെ ശീലാവതിയും, അമ്മയും ബുദ്ധിമുട്ടുന്ന വാര്‍ത്ത മനോരമ ന്യൂസാണ് റിപോര്‍ട്ട് ചെയ്തത്.