ഗെയിൽ പൈപ്പ് ലൈന്‍ നിർമാണത്തിന്റെ മറവിൽ വയൽ നികത്തലെന്ന് പരാതി

ഗെയിൽ പൈപ്പ് ലൈന്‍ നിർമാണത്തിന്റെ മറവിൽ വയൽ നികത്തൽ നടക്കുന്നതായി പരാതി. പാലക്കാട് പട്ടിത്തറ വില്ലേജിലെ തലക്കശേരിയിലാണ് നികത്തൽ പ്രവൃത്തികൾ. കർഷകർ റവന്യൂ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. 

തൃത്താല തലക്കശ്ശേരി സിപി ഓഡിറ്റോറിയത്തിന് സമീപത്തെ പാടമാണ് കരിങ്കൽചീളുകൾ ഉൾപ്പെടെ മണ്ണിട്ട് നികത്തുന്നത്. ഗെയിൽ പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഭാഗത്തേക്ക് നിർമാണവസ്തുക്കൾ എത്തിക്കാനാണ് പാടം നികത്തി റോഡ് നിർമിക്കുന്നതെന്നാണ് സ്ഥലം ഉടമയുടെ വിശദീകരണം. സർക്കാർ മാനദണ്ഡം പാലിച്ചിട്ടുണ്ടെന്നും നികത്തിയ മണ്ണ് പാടത്തിൽ നിന്ന് പണി പൂർത്തിയാകുന്ന മുറയ്ക്ക് എടുത്തു മാറ്റുമെന്നും ഗെയിൽ അധികൃതരും പറയുന്നു. എന്നാൽ നികത്തിയ മണ്ണ് വയലിൽ നിന്ന് മാറ്റുമോയെന്ന ആശങ്കയാണ് കർഷകർ പങ്കുവയ്ക്കുന്നത്.

വയൽ നികത്തുന്നത് ചട്ടം ലംഘിച്ചാണെന്ന കർഷകരുടെ പരാതി ഒറ്റപ്പാലം സബ്്കലക്ടർക്ക് നൽകിയിട്ടുണ്ട്. ഗെയിൽ പദ്ധതിയുടെ മറവിൽ വ്യാപകമായി കുന്നിടിക്കലും വയൽനികത്തലും തൃത്താല മേഖലയിൽ വ്യാപകമാണ്.