ഗെയിൽ വാതകപൈപ്പ് ലൈനിന്റെ അലൈൻമെന്റ് മാറ്റി; തെളിവുമായി നാട്ടുകാർ

കൊച്ചി മംഗലാപുരം ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ അലൈന്‍മെന്‍റ് മാറ്റിയതിന് തെളിവുമായി നാട്ടുകാര്‍ രംഗത്ത്. മുക്കം, കാരശേരി പഞ്ചായത്തിലൂടെ ഒരു വീട് പോലും നഷ്ടപ്പെടാതെ ആദ്യം സര്‍വ്വേ നടത്തിയിരുന്നുവെങ്കിലും അവസാന നിമിഷം ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി അലൈന്‍മെന്‍റ് മാറ്റുകയായിരുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം. പദ്ധതിക്കെതിരായ സമരം കഴി‍ഞ്ഞ രണ്ടു മാസമായിമുക്കത്ത് തുടരുകയാണ്. 

ജനവാസ മേഖലയില്‍ നിന്ന് പദ്ധതി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇത് സാധ്യമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഗെയ്്ലും സംസ്ഥാന സര്‍ക്കാരും. ഇതിനിടയിലാണ് അലൈന്‍മെന്‍റ് നേരത്തെ മാറ്റിയിരുന്നുവെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. 2009 ല്‍ കാരശേരി പഞ്ചായത്തില്‍ സര്‍വേ നടത്തുകയും വൈശ്യംപുറം ഭാഗത്ത് സ്ഥലം അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും സര്‍വേ നടത്തി കൂടരായി പറന്പിലൂടെ അലൈന്‍മെന്‍റ് മാറ്റി. ഇതോടെ പത്തോളം കുടുംബങ്ങളെ പദ്ധതി നേരിട്ടു ബാധിക്കുന്ന സ്ഥിതിയായി. 

അലൈന്‍മെന്‍റ് മാറ്റിയതിന്‍റെ തെളിവുകളുമായി വീണ്ടും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സമരസമിതി.