സർവകക്ഷി യോഗത്തിൽ ഗെയ്ല്‍ വിരുദ്ധ സമരസമിതി പ്രവർത്തകർ പങ്കെടുക്കും

ഗെയ്ല്‍ വാതക പൈപ്പിനെതിരായ പ്രതിഷേധം പരിഹരിക്കാൻ സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ സമരസമിതി പ്രവർത്തകർ പങ്കെടുക്കും. നിലവിലെ നിർമാണ പ്രവൃത്തികൾ നിർത്താതെ ചർച്ചയ്ക്കില്ലെന്നായിരുന്നു തീരുമാനമെങ്കിലും വിഷയം അവതരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തേണ്ടതില്ലെന്നാണ് ഭൂരിപക്ഷ അഭിപ്രായം. ചർച്ച പരാജയപ്പെട്ടാൽ മറ്റന്നാൾ മുതൽ എരഞ്ഞിമാവിൽ കുടിൽ കെട്ടി സമരം തുടങ്ങുന്നതിനാണ് തീരുമാനം. 

മുപ്പത്തി നാല് ദിവസത്തെ ഗെയിൽ സമരം സർക്കാർ അവഗണിച്ചു. പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിൽ ചർച്ചയ്ക്ക് ക്ഷണിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി കാര്യങ്ങൾ അവതരിപ്പിച്ചില്ലെങ്കിൽ സർക്കാർ നിലപാട് കടുപ്പിക്കുമെന്നാണ് സമരസമിതി കരുതുന്നത്. ചർച്ചയ്ക്ക് താൽപര്യമറിയിച്ചിട്ടും പങ്കെടുക്കാതിരുന്നുവെന്ന് കാട്ടി ഏകപക്ഷീയമായ തീരുമാനം സർക്കാർ നടപ്പാക്കും. ഈ ആശങ്കയാണ് കൂടുതൽ നിബന്ധന ഒഴിവാക്കി ചർച്ചയിൽ പങ്കെടുക്കാൻ സമരസമിതിയെ പ്രേരിപ്പിച്ചത്. പണിനിർത്തിയ ശേഷം ചർച്ചയെന്ന വാദം സർക്കാർ അംഗീകരിക്കാത്തതും സമരസമിതിയ്ക്ക് ആശയക്കുഴപ്പമുണ്ടാക്കി. 

പുതിയ അലൈന്‍‍മെന്റ് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമരസമിതി നിലപാട്. സർവകക്ഷി യോഗ തീരുമാനം അനുകൂലമല്ലെങ്കിൽ മറ്റന്നാൾ മുതൽ എരഞ്ഞിമാവിൽ സമരസമിതി പ്രവർത്തകർ കുടിൽകെട്ടി സമരം തുടങ്ങും. കേരളത്തിലെ പരമാവധി രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം സമരം സെക്രട്ടേറിയറ്റിന് മുന്നിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനും തീരുമാനമുണ്ട്.