തൃശൂര്‍ കോര്‍പറേഷന്‍റെ അന്‍പതു ലക്ഷം രൂപയുടെ ചെമ്പുകമ്പി കാണാതായിട്ട് ആറു വര്‍ഷം. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടു. വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തെന്ന് ഡപ്യൂട്ടി മേയര്‍ എ.പ്രസാദ് മനോരമ ന്യൂസിനോട് പറഞ്ഞു.
തൃശൂര്‍ കോര്‍പറേഷന്‍റെ വൈദ്യുത വിഭാഗത്തില്‍ മോഷണം പോയത് അന്‍പതു ലക്ഷം രൂപയുടെ ചെമ്പുക്കമ്പിയാണ്. പറവട്ടാനിയില്‍ ഗോഡൗണില്‍ നിന്നാണ് ഇത്രയും ചെമ്പുക്കമ്പി കടത്തിയത്. സിസിടിവി കാമറകളുണ്ട്. ഇരുപത്തിനാലു മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരനുമുണ്ട്. എന്നിട്ടും, ചെമ്പുക്കമ്പി മോഷണം കണ്ടുപിടിക്കാനായില്ല. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇതു കടത്തിയെന്നാണ് സംശയം. ആറു വര്‍ഷം മുമ്പായതിനാല്‍ അന്നത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനും കഴിയില്ല. സെക്യൂരിറ്റി ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും മൊഴിയെടുത്ത് അന്വേഷണം മുന്നോട്ടു പോയതുമില്ല. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടു. രാഷ്ട്രീയ സ്വാധീനമാണ് ഇതിനു കാരണമെന്ന് ഡപ്യൂട്ടി മേയര്‍ എ.പ്രസാദ് ആരോപിച്ചു.
വൈദ്യുതി വിതരണം കോര്‍പറേഷനാണ് നടത്തിപ്പ്. കേരളത്തില്‍ വൈദ്യുതി വിതരണം സ്വയം നടത്തുന്ന ഏകതദ്ദേശസ്ഥാപനം കൂടിയാണ് കോര്‍പറേഷന്‍. ക്രൈംബ്രാഞ്ചിനെ മാറ്റി വിജിലന്‍സിന് കേസന്വേഷണം നല്‍കാന്‍ കോര്‍പറേഷന്‍ ഭരണസമിതി തീരുമാനിച്ചു.