വീട്ടിലെ അരുമ മൃഗങ്ങൾക്ക് സ്നേഹവും പരിചരണവും നൽകുന്നതിനൊപ്പം കൃത്യമായ പരിശീലനവും ആവശ്യമുണ്ട്. നായ്ക്കുട്ടികളെയും അവയുടെ ഉടമകളെയും ഒരുമിച്ച് പരിശീലിപ്പിക്കുന്ന സർക്കാർ നേതൃത്വത്തിലുള്ള ആദ്യ പരിശീലന പരിപാടിക്ക് തൃശൂർ വെറ്ററിനറി സർവകലാശാലയിൽ തുടക്കമായി.
നമ്മൾ ഓമനിച്ചു വളർത്തുന്ന വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട അംഗം. പക്ഷേ, സോഫയിൽ കയറിയും, ചെരുപ്പ് കടിച്ചുകീറിയുമൊക്കെ ചിലപ്പോൾ ആ കുഞ്ഞന്‍ അംഗം തലവേദനയുണ്ടാക്കാം. അവയെ എങ്ങനെ പരിപാലിക്കും? എങ്ങനെ നല്ല ശീലങ്ങൾ പഠിപ്പിക്കും? ആറാഴ്ച നടക്കുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുത്താൽ ഇതിനെല്ലാം ഉത്തരം ലഭിക്കും, ഒപ്പം സർട്ടിഫിക്കറ്റും.
പഠിക്കാനെത്തുന്ന ഉടമയ്ക്ക് പ്രായപരിധിയില്ല. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഭാവിയിൽ സ്വയംതൊഴിലിന്‍റെ വാതിലുകൾ തുറക്കുകയാണെന്നു പറയുന്നു റിട്ടയേര്‍ഡ് കേണലും പ്രൊഫഷണൽ ഡോഗ് ട്രെയിനറുമായ കെ.ജി. രാജശേഖരൻ നായര്‍.
രണ്ടര മുതൽ മൂന്ന് മാസം വരെ പ്രായമുള്ള നായ്ക്കുട്ടികളാണ് പരിശീലനത്തിന് ഏറ്റവും അനുയോജ്യം. വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.