elephant-dog-friendship
  • കുഞ്ഞൻ കുക്കുവിനെ വേണമെങ്കിൽ അവന്‍റെ മൂന്നാം പാപ്പാൻ എന്നു വിളിക്കാം, ആന രണ്ടടി വച്ച് നടക്കുമ്പോൾ കുണുങ്ങി കുണുങ്ങി ഓടിയാലെ കുക്കുവിന് കൂടെയെത്താനാവൂ

ചില സൗഹൃദങ്ങളെക്കുറിച്ച് നമുക്ക് വാതോരാതെ വിവരിക്കാനാവും, ആനയ്ക്ക് കൂട്ടായ പാപ്പാനെ പോലെ. പക്ഷേ, മറ്റു ചില ചങ്ങാത്തങ്ങൾ വേറിട്ടതാണ്. കൊമ്പൻ അഘോരി ഗണേശനും കുക്കുവെന്ന നായയുമാണ് ഈ കൂട്ടുകെട്ടിലെ കഥാപാത്രങ്ങൾ.

കൊമ്പൻ അഘോരി ഗണേശന് സൌഹൃദത്തിൽ വലിപ്പച്ചെറുപ്പ വ്യത്യാസമില്ല. കുഞ്ഞൻ കുക്കുവിനെ അവന്‍റെ മൂന്നാം പാപ്പാൻ എന്നു വിളിക്കാം. ആന രണ്ടടി വച്ച് നടക്കുമ്പോൾ കുണുങ്ങി കുണുങ്ങി ഓടിയാലെ കുക്കുവിന് കൂടെയെത്താനാവൂ. ഒരിക്കല്‍ കോട്ടയം അരുവിക്കര മഹാക്ഷേത്ര സമീപത്തു നിന്നും ഗണേഷനൊപ്പം കുട്ടിയായിരിക്കുമ്പോള്‍ കൂടിയതാണ്  കുക്കുവെന്ന് ആന ഉടമ രഞ്ജിത്ത് പറയുന്നു. 

കുക്കുവിനെ ഗണേശന് ആരും പരിചയപ്പെടുത്തിയതല്ല. അടുത്തുചെന്നപ്പോൾ ആരും പേടിപ്പിച്ച് ഓടിച്ചതുമില്ല. ആ വലിയ ഹൃദയത്തിനോളം വലിപ്പമേ അവൾക്കുള്ളു. ഏതോ ശക്തിയാണ് അവളെ ആനയോട് അടുപ്പിച്ചത്. അതങ്ങനെ പിരിയാത്ത കൂട്ടുകെട്ടായി വളർന്നു. പൂരമാകട്ടെ, പെരുന്നാളാകട്ടെ, ഗണേശൻ കുക്കുവിനെ കൂടെ കൂട്ടും. ആരും ആനയെ അതു പഠിപ്പിച്ചതോ പരിശീലിപ്പിച്ചതോ അല്ല. 

കുന്നംകുളത്ത് കുക്കുവിനു മറ്റു ചില ചില്ലറ സൗഹൃദങ്ങളുണ്ടെങ്കിലും ചങ്ങലയുടെ ശബ്ദം കേട്ടാൽ അതൊക്കെ കളഞ്ഞ് ഓടിയെത്തും. കൂടെ ലോറിയിൽ കയറി ഗണേഷനൊപ്പം നാടു ചുറ്റും.