ജീവിത നിലവാരത്തിന്റെയും സാമ്പത്തികനിലയുടെയും അടിസ്ഥാനത്തില്‍ ഓക്സ്ഫഡ് എക്കണോമിക്സ് തയാറാക്കിയ 1000 നഗരങ്ങളുടെ
പട്ടികയിൽ കേരളത്തിൽ നിന്ന് ഏറ്റവും മുന്നിലെത്തി തൃശൂർ. സംസ്ഥാന വാണിജ്യ തലസ്ഥാനമായ കൊച്ചിയെ 12 സ്ഥാനങ്ങൾക്ക് പിന്നിലാക്കിയാണ് സാംസ്കാരിക തലസ്ഥാനത്തിന്റെ കുതിപ്പ്.
163 രാജ്യങ്ങളിലെ നഗരങ്ങളെ താരതമ്യം ചെയ്ത ഓക്സ്ഫഡ് എക്കണോമിക്സിന്റെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിലാണ് തൃശൂർ മുന്നിലെത്തിയത്. തൃശൂർ 477-ാം സ്ഥാനത്തെത്തിയപ്പോൾ കൊച്ചി 489-ാം സ്ഥാനത്തും കോഴിക്കോട് 499-ാം സ്ഥാനത്തുമാണ്. സാമ്പത്തികനില, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിർവഹണം എന്നീ നാല് വിഭാഗങ്ങളിലും തൃശൂർ കൊച്ചിയെക്കാൾ മുന്നിലാണ്.
വരുമാനത്തിലെ തുല്യത, ആളോഹരി വരുമാനം, പാർപ്പിട ചെലവ്, ആയുർദൈർഘ്യം, കുറ്റകൃത്യ നിരക്ക്, വായു ഗുണനിലവാരം, കാലാവസ്ഥാ അപകടസാധ്യത തുടങ്ങിയ ഘടകങ്ങളാണ് നഗരങ്ങളുടെ താരതമ്യ പഠനത്തിന് വിധേയമായത്. ഇതിൽ സാമ്പത്തിക സ്ഥിതിയ്ക്ക് 30 ശതമാനം മാർക്കാണ് നൽകിയിരുന്നത്. പട്ടികയിൽ കൊല്ലം 623-ാം സ്ഥാനത്തും തിരുവനന്തപുരം 624-ാം സ്ഥാനത്തുമാണ്.കോട്ടയം 696-ാം സ്ഥാനത്തും കണ്ണൂർ 772-ാം സ്ഥാനത്തുമെത്തി. ഇതോടെ ആഗോള നഗര സൂചികയിൽ ഇടം നേടിയ കേരള നഗരങ്ങളുടെ എണ്ണം ഏഴായി. ഇന്ത്യൻ നഗരങ്ങളിൽ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത് ഡൽഹിയാണ്.
അതേസമയം, കേരളത്തിലെ ഏഴു നഗരങ്ങളുടെ റാങ്ക് യഥാക്രമം വരുന്നത് തൃശൂർ 477, കൊച്ചി 489, കോഴിക്കോട് 499, കൊല്ലം 623, തിരുവനന്തപുരം 624, കോട്ടയം 696, കണ്ണൂർ 772. ഇതിൽ തൃശൂരിന്റെ പ്രകടനത്തിൽ പ്രധാനമായ ഘടകങ്ങൾ ആയി എടുത്തുപറയുന്നത് ഇവയാണ്... സാമ്പത്തികം 30%, ജീവിതനിലവാരം 25%, പരിസ്ഥിതി 10%, ഭരണനിർവഹണം 10%.