തോരാമഴയിൽ ഡ്രൈവിങ് സ്കൂളിന്റെ സ്കൂട്ടർ സ്റ്റാർട്ടാകാതിരുന്നതിനെ തുടർന്ന് ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെടുത്തിയെന്ന പരാതിയുമായി ബിരുദ വിദ്യാർഥിനി. തൃശൂർ പറവട്ടാനി സ്വദേശിനിയും സെന്റ് തോമസ് കോളേജിലെ ബി.ബി.എ. വിദ്യാർഥിനിയുമായ ടി. ഐശ്വര്യയാണ് ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്.
ഇരുചക്ര വാഹന ലൈസൻസ് നേടുന്നതിനായി മൂന്നാം തവണയാണ് ഐശ്വര്യ ഡ്രൈവിങ് ടെസ്റ്റിനെത്തിയത്. ടെസ്റ്റ് രാവിലെ 8.30-ന് ആരംഭിച്ചെങ്കിലും ഉദ്യോഗാർഥിയെ പരീക്ഷയ്ക്കായി വിളിച്ചത് ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു. മണിക്കൂറുകളോളം മഴയിൽ കിടന്നിരുന്ന ഡ്രൈവിങ് സ്കൂളിന്റെ സ്കൂട്ടർ സ്റ്റാർട്ടാകാതിരുന്നതോടെ പരീക്ഷ നടത്താൻ കഴിയാതെ വന്നു.
തുടർന്ന് മറ്റൊരു സ്കൂട്ടർ ഒരുക്കാൻ ഡ്രൈവിങ് സ്കൂൾ അധികൃതർ ശ്രമിച്ചെങ്കിലും അത് ഉപയോഗിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അനുമതി നൽകിയില്ലെന്നാണ് വിദ്യാർഥിനിയുടെ ആരോപണം. ഇതോടെ ടെസ്റ്റ് പൂർത്തിയാക്കാൻ കഴിയാതെ വന്ന ഐശ്വര്യയെ പരാജയപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഡ്രൈവിങ് ടെസ്റ്റിന് തീയതി ലഭിക്കാൻ തന്നെ മാസങ്ങളുടെ കാത്തിരിപ്പാണ് നിലവിലുള്ളത്. ടെസ്റ്റിൽ പരാജയപ്പെട്ടാൽ വീണ്ടും അവസരം ലഭിക്കാൻ കുറഞ്ഞത് മൂന്ന് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. സ്വന്തം പിഴവല്ലാത്ത കാരണത്താൽ ടെസ്റ്റിൽ പരാജയപ്പെടുത്തിയത് നീതിയല്ലെന്നാണ് വിദ്യാർഥിനിയുടെ ആരോപണം.
സംഭവത്തിൽ ഗതാഗത മന്ത്രിക്ക് പരാതി നൽകിയ ഐശ്വര്യ, വിഷയത്തിൽ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും ഉദ്യോഗസ്ഥരുടെ സമീപനത്തിലും കൂടുതൽ വ്യക്തതയും മാനുഷിക പരിഗണനയും വേണമെന്ന ആവശ്യവും ഉയരുകയാണ്.