driving-test

File photo

ഡ്രൈവിങ് ലൈസന്‍സിനുള്ള ലേണേഴ്സ് പരീക്ഷയില്‍ അടുത്തമാസം ഒന്നാം തീയതി മുതല്‍ അടിമുടി മാറ്റം. ചോദ്യങ്ങളുടെയെണ്ണം ഇരുപതില്‍ നിന്ന് മുപ്പതായി ഉയര്‍ത്തി. ഡ്രൈവിങ് സ്കൂളിലെ പരിശീലകര്‍ക്കും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പരീക്ഷ നിര്‍ബന്ധമാക്കാനും തീരുമാനം.

വണ്ടിയോടിക്കാന്‍ കൃത്യമായി അറിയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു എച്ചും എട്ടും ഒക്കെ എടുത്തുള്ള പ്രായോഗിക പരീക്ഷ പൊളിച്ചെഴുതിയത്. ലൈസന്‍സ് എടുക്കും മുന്‍പ് റോഡ് നിയമം കൃത്യമായി മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലേണേഴ്സ് ടെസ്റ്റും മാറ്റുന്നത്. നിലവില്‍ ലേണേഴ്സ് ടെസ്റ്റിന് 20 ചോദ്യങ്ങളാണ്. ഇനി അത് മുപ്പതായി ഉയരും. മുപ്പതില്‍ 18 ചോദ്യത്തിന് ശരിയുത്തരമെഴുതിയാലേ ജയിക്കു. 

ചോദ്യം കൂട്ടിയത് കണ്ട് പേടിക്കേണ്ട. ഒരു ചോദ്യത്തിന് ഉത്തരമെഴുതാനുള്ള സമയം 15 സെക്കന്‍റില്‍ നിന്ന് 30 സെക്കന്‍റായി ഉയര്‍ത്തുന്നുമുണ്ട്. അഞ്ഞൂറിലധികം ചോദ്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയിട്ടുണ്ട്. അവയും ഉത്തരവും പഠിക്കാനായി MVD Leads എന്ന മൊബൈല്‍ ആപ്ളിക്കേഷനും തയാറായി. ഇതുകൂടാതെ പരീക്ഷയെഴുതി പരിശീലിക്കാനും ആപ്ളിക്കേഷന്‍ വഴി സാധിക്കും. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് ഈ ആപ്ളിക്കേഷനിലൂടെ മറ്റൊരു പരീക്ഷകൂടിയുണ്ട്. അത് വിജയിച്ചാല്‍ റോഡ് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കിട്ടും. അതോടെ ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന ക്ളാസില്‍ പങ്കെടുക്കണമെന്ന നിലിവിലെ നിയമം ഒഴിവാകും. 

ഈ പരീക്ഷ ഡ്രൈവിങ് സ്കൂളിലെ പരിശീലകര്‍ക്കും ബാധകമാണ്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ അവരുടെ ലൈസന്‍സ് പുതുക്കേണ്ട സമയത്താണ് പരിശീലകര്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ടത്. മോട്ടോര്‍ വാഹനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് പരീക്ഷ നിര്‍ബന്ധമാക്കി.

ENGLISH SUMMARY:

Driving license learner's test undergoes changes in Kerala. The number of questions is now 30, and candidates need 18 correct answers to pass.