ദുബായ് വിമാനത്താവളം, ഫയല്‍ ചിത്രം
ഗള്‍ഫ് മേഖലയില്‍ വീണ്ടും ഇറാന്‍ ആക്രമണം. ഡ്രോണ്‍ ആക്രമണം ചെറുക്കുന്നതിനിടെ അവശിഷ്ടം വീണ് ദുബായ് വിമാനത്താവളത്തിന് സമീപം തീപിടിത്തമുണ്ടായി. ഇന്ധന ടാങ്കിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാണെന്നും ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. സൗദി അറേബ്യയിലും ആക്രമണശ്രമമുണ്ടായി. കിഴക്കന്‍ മേഖലയില്‍ 34 ഡ്രോണുകള്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കോ കരാറിനോ ഇല്ലെന്ന് ഇറാന്‍ പ്രതികരിച്ചു. അമേരിക്കയുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമിച്ചതെന്നും വെടിനിര്‍ത്തലിനായി ഇറാന്‍ ആവശ്യപ്പെടില്ലെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. വെടിനിര്‍ത്തലിനായി ഇറാന്‍ ആഗ്രഹിക്കുന്നെന്നും എന്നാല്‍ അമേരിക്ക അതിന് തയാറല്ലെന്നും ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചര്‍ച്ചയ്ക്ക് ഇറാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. യുദ്ധം ഇറാന്റെ തീരുമാനമല്ലെന്നും അമേരിക്കയുടെയും ഇസ്രയേലിന്റെയും തീരുമാനമായിരുന്നെന്നും അബ്ബാസ് അറാഗ്‌ചി പറഞ്ഞു. പ്രതികാരത്തില്‍ നിന്ന് ഇറാന്‍ പിന്‍മാറില്ലെന്നും അറാഗ്ചി യു.എസ് വാര്‍ത്താചാനലിനോട് വ്യക്തമാക്കി.
ഇതിനിടെ എണ്ണ വില വീണ്ടും ബാരലിന് 100 ഡോളര്‍ കടന്നു. ഇറാന്‍ എണ്ണയുടെ പ്രധാനകേന്ദ്രമായ ഖാര്‍ഗ് ദ്വീപ് തകര്‍ക്കുമെന്ന് ഭീഷണി വിപണയില്‍ ആശങ്ക ശക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് ഏത് വിധേയനയും തുറക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം വലിയ ഫലമുണ്ടാക്കിയിട്ടില്ല. എണ്ണക്കപ്പലുകളുടെ നീക്കത്തിനായി ചൈനയോട് അടക്കം യുദ്ധക്കപ്പലുകളെ വിന്യസിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
വിപണിയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ രാജ്യാന്തര ഊർജ ഏജൻസിയുടെ കരുതല്‍ ശേഖരം ഉടന്‍ വിപണിയിലെത്തും. രാജ്യാന്തര ഊർജ ഏജൻസിയുടെ അംഗരാജ്യങ്ങള്‍ 41.19 കോടി ബാരലാണ് വിപണിയിലെത്തിക്കുന്നത്. ഏഷ്യ-ഓഷ്യാനിയ മേഖലയിലെ രാജ്യങ്ങളിൽനിന്നുള്ള എണ്ണ ഉടനടി ലഭ്യമാകും. യൂറോപ്പിൽനിന്നും അമേരിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളിൽനിന്നുമുള്ള ശേഖരം മാർച്ച് അവസാനത്തോടെയാകും വിപണിയിലെത്തുക.