ഇടപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തില്‍ റെസ്പോണ്‍സിബിള്‍ ഡ്രൈവിങ്ങിനെപ്പറ്റി വൈറല്‍ കുറിപ്പുമായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മുൻ അസോ. പ്രഫസര്‍ ദീപ സെയ്റ. തന്റെ മകന്റെ പ്രായമാണെന്ന് തോന്നുന്നു അപകടത്തില്‍ പൊലിഞ്ഞ മക്കൾക്കെന്നും, കാറിന്റെ എയർബാഗുകൾ ഒന്നും പുറത്തേക്ക് വന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
17 കാരനായപ്പോൾ മുതൽ എന്റെ മോന്റെ കണ്ണ് ഡ്രൈവിങ് ലൈസൻസിലാണ്. അന്ന് മുതൽ അവനോട് പറഞ്ഞു കൊടുക്കുന്നത്, റെസ്പോണ്‍സിബിള്‍ ഡ്രൈവിങ്ങിനെ പറ്റിയാണ്. ടീനേജ് കുട്ടികൾ ലൈസൻസ് കിട്ടിയ ഉടനെ വണ്ടിയോട് കാണിക്കുന്ന ആവേശം എന്റെ വീട്ടിൽ ഇപ്പോൾ ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു പോളോ കാർ മേടിച്ചു അതിൽ എന്തോ മോഡിഫിക്കേഷൻ ചെയ്യാനാണ് പ്ലാൻ എന്ന് കേട്ടപ്പോൾ തന്നെ എന്റെ ജീവൻ പോയി. മദ്യം ഒരു തുള്ളി തൊട്ടിട്ടുണ്ടെങ്കിൽ വണ്ടിയിൽ തൊടരുതെന്ന് കൃത്യമായി പറയുക. മയക്കുമരുന്നുകൾ, ഉറക്കം വരുത്തുന്ന ചില ഡോക്ടർ മരുന്നുകൾ എന്നിവ ഉപയോഗിച്ചതിന് ശേഷം ഡ്രൈവ് ചെയ്യരുതെന്നും അങ്ങനെയുണ്ടായാൽ ലഭിക്കുന്ന ശിക്ഷകളെ കുറിച്ചും കുട്ടികള്‍ക്ക് അവബോധം നൽകുക. രാത്രി മുഴുവൻ ചാറ്റിങ്ങും സിനിമ കാണലുമായി ഇരുന്നാൽ പിറ്റേന്ന് വണ്ടിയിൽ തൊടീക്കില്ല എന്നത് കർശനമായി പറയണമെന്നും ദീപ കുറിപ്പിലൂടെ പറയുന്നു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം ഇടപ്പള്ളിയിൽ ഉണ്ടായ അപകടമാണ്..എന്റെ വീട്ടിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ അപ്പുറത്ത്....പുലർച്ചെ 3.30 മണിക്കാണ് അപകടം..എന്റെ മോന്റെ പ്രായമാണെന്ന് തോന്നുന്നു ഈ മക്കൾക്ക്...
ബൈപാസ് വഴി ഇടപ്പള്ളിയ്ക്ക് വന്നു കയറിയ കാർ ആലുവ ഭാഗത്തേക്ക് തിരിയുന്നതിന് പകരം കലൂർ ഭാഗത്തേക്ക് തിരിഞ്ഞ് അതിവേഗതയിൽ മുന്നോട്ട് പാഞ്ഞുവെന്നാണ് അറിയുന്നത്. കാറിന്റെ എയർബാഗുകൾ ഒന്നും പുറത്തേക്ക് വന്നില്ല എന്നത് അത്ഭുതപ്പെടുത്തി. ഇപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ചു ആണ് കാറിന്റെ സൈലൻസർ മാത്രമല്ല, മുഴുവനായും മോഡിഫൈ ചെയ്തിട്ടുണ്ട്.
റെസ്പോണ്‍സിബിള്‍ ഡ്രൈവിങ്! 17 കാരനായപ്പോൾ മുതൽ എന്റെ മോന്റെ കണ്ണ് ഡ്രൈവിങ് ലൈസൻസിലാണ്. അന്ന് മുതൽ അവനോട് പറഞ്ഞു കൊടുക്കുന്നത്, റെസ്പോണ്‍സിബിള്‍ ഡ്രൈവിങ്ങിനെ പറ്റിയാണ്...
ടീനേജ് കുട്ടികൾ ലൈസൻസ് കിട്ടിയ ഉടനെ വണ്ടിയോട് കാണിക്കുന്ന ആവേശം എന്റെ വീട്ടിൽ ഇപ്പോൾ ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു പോളോ കാർ മേടിച്ചു അതിൽ എന്തോ മോഡിഫിക്കേഷൻ ചെയ്യാനാണ് പ്ലാൻ എന്ന് കേട്ടപ്പോൾ തന്നെ എന്റെ ജീവൻ പോയി..
എന്താണ് റെസ്പോൺസിബിൾ ഡ്രൈവിങ്? അതിനായി അവർക്കെന്തൊക്കെ പറഞ്ഞു കൊടുക്കാം?
1)കാറിൽ കയറിയ ഉടനെ സീറ്റ് ബെൽറ്റ് ധരിക്കണം. ഒപ്പമുള്ളവർ ധരിച്ചുവെന്ന് ഉറപ്പിക്കുകയും ചെയ്യുക.
2)കാറിനകത്തെ എല്ലാം ഇൻഡിക്കേറ്ററുകളും സ്വിച്ചുകളും അവർക്ക് പരിചിതമാക്കിയ ശേഷം മാത്രം വാഹനം നൽകുക.
3)റോഡിൽ വേഗപരിധിയുടെ ബോർഡുകൾ ശ്രദ്ധിക്കാൻ ആദ്യം മുതൽ പഠിപ്പിക്കണം
4)മുന്നിലുള്ള വാഹനവുമായി തമ്മിൽ അല്പം ദൂരം പാലിക്കാൻ പഠിപ്പിക്കുക. ഒരുപാട് ചേർത്ത് ഓടിക്കരുത്. മോശം കാലാവസ്ഥയാണെങ്കിൽ ആ ദൂരം വർധിപ്പിക്കുക.
5)മദ്യം ഒരു തുള്ളി തൊട്ടിട്ടുണ്ടെങ്കിൽ വണ്ടിയിൽ തൊടരുതെന്ന് കൃത്യമായി പറയുക. മയക്കുമരുന്നുകൾ, ഉറക്കം വരുത്തുന്ന ചില ഡോക്ടർ മരുന്നുകൾ എന്നിവ ഉപയോഗിച്ചതിന് ശേഷം ഡ്രൈവ് ചെയ്യരുതെന്നും അങ്ങനെയുണ്ടായാൽ ലഭിക്കുന്ന ശിക്ഷകളെ കുറിച്ചും അവബോധം നൽകുക.
6)രാത്രി മുഴുവൻ ചാറ്റിങ്ങും സിനിമ കാണലുമായി ഇരുന്നാൽ പിറ്റേന്ന് വണ്ടിയിൽ തൊടീക്കില്ല എന്നത് കർശനമായി പറയുക.
7)ടേൺ സിഗ്നലുകൾ ഉപയോഗിക്കുക. സിഗ്നൽ ഇടയാതെ ലെയിൻ മാറാതിരിക്കാൻ തുടക്കം മുതൽ പഠിപ്പിക്കണം.
മറ്റ് ഡ്രൈവർമാർ എന്ത് ചെയ്യുമെന്ന് മുൻകൂട്ടി കണക്കാക്കി, അവർ പിഴവ് ചെയ്യാനുള്ള സാധ്യത കണക്കിലെടുക്കുക.ഇത് വളരെ പ്രധാനമാണ്.
9)ഭക്ഷണം കഴിക്കൽ, ടെക്സ്റ്റിംഗ്, ഫോൺ വിളിക്കൽ എന്നിവയുൾപ്പെടെ ശ്രദ്ധ തിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കുക.പുറത്തെ ശബ്ദങ്ങൾ ( മറ്റ് വാഹങ്ങളുടെ ഹോൺ, ആംബുലൻസ് ഹോൺ തുടങ്ങിയവ ) നമുക്ക് കേൾക്കാൻ സാധിക്കും വിധം വളരെ ചെറിയ ശബ്ദത്തിൽ മാത്രം പാട്ട് വയ്ക്കാമെന്ന് പറഞ്ഞു കൊടുക്കാം.
10) കാൽനാടായാത്രക്കാരെ പ്രത്യേകം ശ്രദ്ധിക്കാൻ പഠിപ്പിക്കുക. പുത്തൻ ഡ്രൈവിങ്ങിന്റെ ആവേശകൂടുതൽ കാരണം നടന്നു പോകുന്നവരെ തീരെ പരിഗണിക്കാത്ത ഒരു പ്രവണത ഇപ്പോഴത്തെ ടീനജുകർക്കുണ്ട്..
11) സുഹൃത്തുക്കളോടൊപ്പം ഡ്രൈവ് ചെയ്യുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു; പുത്തൻ ഡ്രൈവർമാർ ആദ്യത്തെ 3 മാസം ഒറ്റയ്ക്കോ കുടുംബത്തോടോപ്പമോ മാത്രം ഡ്രൈവ് ചെയ്യുന്നതാവും നല്ലത്.
12) റോഡിൽ വണ്ടി ഓടിക്കുമ്പോൾ അവരുടെ ജീവൻ മാത്രമല്ല, കാറിൽ ഒപ്പമുള്ളവരുടെ ജീവനും,റോഡിലൂടെ നടന്നു പോകുന്നവരുടെയും മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെയും ജീവൻ അവരുടെ കൈകളിലാണെന്ന് കുട്ടികളെ ഓർമിപ്പിക്കുക.
13) കാറിലെ inbuilt features ൽ യാതൊരു മാറ്റവും വരുത്താൻ പാടില്ലെന്നും അത് ചെയ്‌താലുണ്ടാകുന്ന അപകടങ്ങളും പറഞ്ഞു മനസ്സിലാക്കുക.
14) കഴിവതും തുടക്കക്കാർ പകൽസമയം മാത്രം ഡ്രൈവ് ചെയ്യുക. ഇരുട്ട് ഡ്രൈവിംഗിന് കൂടുതൽ വെല്ലുവിളിയായി മാറുന്നുണ്ട്. രാത്രി 11 മണിക്ക് ശേഷമുള്ള ഡ്രൈവിംഗിന്, ടീനേജ് ഡ്രൈവർമാർക്ക് യാതൊരു കാരണവശാലും അനുവാദം നൽകാതിരിക്കുക.