പരിശീലിപ്പിക്കുന്നവരോട് ഒന്ന് ആലോചിക്കുക കൂടി ചെയ്യാതായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പുത്തന്‍ പരിഷ്കാരം കൊണ്ടുവന്നത്. ഇതോടെ പരിഷ്കരണത്തിനെതിരെ തുടക്കം മുതല്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. സർക്കുലറിലെ നിർദ്ദേശങ്ങളിൽ പലതും പ്രായോഗികമല്ല എന്നായിരുന്നു പ്രധാന വിമർശനം. പക്ഷേ പ്രതിഷേധങ്ങളെ മുഖവിലയ്ക്കെടുക്കാതെ തുടക്കത്തില്‍ പരിഷ്കരണവുമായി സർക്കാർ മുന്നോട്ടുപോയി. പ്രതിഷേധം കനത്തതോടെ ചില്ലറ ഭേദഗതികള്‍ നടപ്പാക്കി. പക്ഷേ അതൊന്നും പ്രതിഷേങ്ങളെ തണുപ്പിച്ചില്ല. ഒടുവിൽ സർക്കുലർ കോടതി കയറി.
ആദ്യഘട്ടത്തിൽ പരിഷ്കരണങ്ങൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറായില്ല. എന്നാൽ കഴിഞ്ഞ ദിവസം വന്ന ഉത്തരവ് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാണ്. സർക്കുലറിലെ പല വ്യവസ്ഥകളും നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മോട്ടോർ വാഹന നിയമം പ്രകാരം കേന്ദ്ര സഭക്കാരന്‍റെ അധികാരപരിധിയിലുള്ള വിഷയങ്ങളായതിനാൽ, സംസ്ഥാന സർക്കാറിന് അല്ലെങ്കിൽ ഗതാഗത കമ്മിഷണർക്ക് താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകാൻ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്
ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസിനായി ഓട്ടോമാറ്റിക് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കരുതെന്നായിരുന്നു സർക്കുലറില്‍. ഈ നിർദ്ദേശം നിയമപരമായി നിലനിൽക്കില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. ഇതോടെ ഇനിമുതൽ ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാം.
ഇരുചക്രവാഹന ലൈസൻസിനായുള്ള ടെസ്റ്റിൽ കാലിൽ ഗിയർ ഉള്ളതും 95 സി.സി.ക്ക് മുകളിലുള്ളതുമായ ബൈക്കുകൾ മാത്രം ഉപയോഗിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ വാഹനം എങ്ങനെ ആയിരിക്കണം എന്നത് കേന്ദ്ര നിയമത്തിൽ മാത്രമേ നിശ്ചയിക്കാവൂ എന്ന് വ്യക്തമാക്കിയ കോടതി ഈ നിർദേശം റദ്ദാക്കി.
ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങൾ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകാൻ പാടില്ല എന്നായിരുന്നു ആദ്യ നിർദ്ദേശം. പ്രതിഷേധങ്ങൾ ഉയർന്നതോടെ 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം എന്നാക്കി. എന്നാൽ സെക്ഷൻ 59 പ്രകാരം കേന്ദ്ര സർക്കാരിന് മാത്രമേ വാഹനങ്ങളുടെ കാലപ്പഴക്കം നിശ്ചയിക്കാൻ അധികാരമുള്ളൂ എന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഈ നിർദ്ദേശവും റദ്ദായി.
ഡ്രൈവിങ് സ്കൂളുകളുടെ കാറുകളിൽ ഡാഷ്ബോർഡ് ക്യാമറ സ്ഥാപിക്കണമെന്നും, അതിലെ ദൃശ്യങ്ങൾ മൂന്നുമാസം സൂക്ഷിക്കണമെന്നും സർക്കുലറിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കേന്ദ്രസർക്കാരിന് മാത്രം എടുക്കാവുന്ന തീരുമാനങ്ങളാണ് എന്നാണ് കോടതി വ്യക്തമാക്കിയത്.
അതേസമയം പരിഷ്കരണത്തിലെ ചില വ്യവസ്ഥകൾ കോടതി അംഗീകരിച്ചു. അവ ഇങ്ങനെയാണ്...
ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കീഴിൽ ദിവസേന 30 ടെസ്റ്റുകൾ മാത്രമേ നടത്താവൂ എന്ന് സർക്കുലറിൽ ഉണ്ടായിരുന്നു. ഇത് പിന്നീട് 40 ആയി ഉയർത്തി. ഇത് കേന്ദ്ര നിയമത്തിന് വിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റുകൾ ഗതാഗതം ഉള്ള റോഡിൽ നടത്തണമെന്ന നിർദ്ദേശം സാധുവാണെന്ന് കോടതി വിലയിരുത്തി.
ലൈറ്റ് മോട്ടോർ വെഹിക്കിൾ ഗ്രൗണ്ട് ടെസ്റ്റിൽ ആംഗിൾ പാർക്കിങ്, പരലൽ പാർക്കിങ്, സിഗ്-സാഗ്, ഗ്രേഡിയന്റ് ടെസ്റ്റ് തുടങ്ങിയവ ഉൾപ്പെടുത്തിയത് പരീക്ഷയുടെ കാര്യക്ഷമത വർധിപ്പിക്കാനാണെന്ന് സർക്കുലറിൽ ഉണ്ടായിരുന്നു. ഇക്കാര്യം കോടതി അംഗീകരിച്ചു.
ഡ്രൈവിങ് സ്കൂൾ പരിശീലകരായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മോട്ടോർ മെക്കാനിക്ക്, മെക്കാനിക്കൽ എഞ്ചിനീയറിങ് പാസായവരെ നിയമിക്കാമെന്ന വ്യവസ്ഥ പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ അവരെ മാത്രമേ നിയമിക്കാവു എന്നതിന് ഇതുകൊണ്ട് അർഥമില്ല.
ENGLISH SUMMARY:
In a significant ruling, the Kerala High Court quashed several controversial driving license test reforms. The court deemed state government directives on vehicle types (EV/automatic, geared bikes), vehicle age, and dashcam mandates illegal, stating they fall under central government jurisdiction.