trump-modi

ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ യു.എസ് കുറയ്ക്കുന്നത് നേരത്തെ പ്രഖ്യാപിച്ച അധിക തീരുവ മാത്രമാണെങ്കിലും ഇന്ത്യ അമേരിക്കയ്ക്ക് കുറച്ചു നല്‍കുന്നത് എംഎഫ്എന്‍ താരിഫ് അടക്കമാണ്. ജൂലൈയ്ക്ക് മുന്‍പ് ഒന്‍പത് ശതമാനം തീരുവയില്‍ കയറ്റി അയച്ചിരുന്ന ടെക്സ്റ്റൈല്‍ ഉല്‍പ്പന്നം കരാറിന് ശേഷം കയറ്റി അയക്കുമ്പോള്‍ 29 ശതമാനമാകും. അധിക തീരുവ പ്രഖ്യാപിച്ചതോടെ 59 ശതമാനമായിരുന്നു ഉല്‍പ്പന്നത്തിന്‍റെ നികുതി. അധിക തീരുവ 18 ശതമാനമായി കുറയ്ക്കുമ്പോള്‍ നികുതി 29 ശതമാനമാകും. പകരം ഇന്ത്യ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കുകയും ചെയ്യുന്നു. 

ഇതിനൊപ്പമാണ് ഇന്ത്യ, റഷന്‍ എണ്ണ വാങ്ങാന്‍ പാടില്ലെന്ന യു.എസ് നിബന്ധന.  ഇന്ത്യ ഇക്കാര്യത്തില്‍ മിണ്ടുന്നില്ലെന്നും ഏപ്രില്‍ മാസത്തേക്കുള്ള റഷ്യന്‍ എണ്ണ ഓര്‍ഡര്‍ നല്‍കുന്നതില്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ വിട്ടുനില്‍ക്കുകയാണ്. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ ഇന്ത്യയെ നിരീക്ഷിക്കും എന്നതടക്കം യു.എസ് എക്സിക്യൂട്ടീവ് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന ഈ നയങ്ങള്‍ രാജ്യത്ത് പെട്രോള്‍ വില ഉയര്‍ത്തുമോ എന്നതാണ് ആശങ്ക. 

വാങ്ങല്‍ നിര്‍ത്തി കമ്പനികള്‍ 

കഴിഞ്ഞ വര്‍ഷം റഷ്യന്‍ കമ്പനികള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം, മംഗളൂരു റിഫൈനറി, എച്ച്പിസിഎല്‍–മിറ്റെല്‍ എനര്‍ജി എന്നിവ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ മാര്‍ച്ച്, ഏപ്രില്‍ മാസത്തേക്കുള്ള റഷ്യന്‍ എണ്ണയുടെ ഓഫര്‍ നിരസിച്ചതായാണ് വിവരം. നിലവില്‍ റഷ്യന്‍ കമ്പനിക്ക് പങ്കാളിത്തമുള്ള സ്വകാര്യ റിഫൈനറിയായ നയാരയാണ് പ്രധാനമായും റഷ്യന്‍ എണ്ണ വാങ്ങുന്നത്. 4 ലക്ഷം ബാരലാണ് പ്രതിദിനം നയാര വാങ്ങുന്നത്. യു.എസ് കരാര്‍ പൂര്‍ണമായും പാലിക്കണമെങ്കില്‍ ഇവരും എണ്ണ വാങ്ങുന്നത് നിര്‍ത്തേണ്ടി വരും. 

ഇന്ത്യ 2022 മുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ട്. ഡിസ്ക്കൗണ്ടില്‍ ലഭിക്കുന്നതും രൂപയില്‍ ഇടപാട് നടത്താമെന്നതും റഷ്യന്‍ എണ്ണയുടെ നേട്ടമാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 1.7 ശതമാനമായിരുന്ന റഷ്യന്‍ എണ്ണയുടെ വരവ് 2025 സാമ്പത്തിക വര്‍ഷത്തില്‍ 35.1 ശതമാനാമയി ഉയര്‍ന്നു. അതേസമയം, അധിക തീരുവ ഭീഷണിക്ക് പിന്നാലെ യു.എസ് എണ്ണയുടെ വരവ് ഇരട്ടിയോളമായപ്പോള്‍ റഷ്യന്‍ എണ്ണയുടെ അളവ് ഇന്ത്യ കുറച്ചിട്ടുണ്ട്.

മറ്റു സ്ത്രോതസുകള്‍ 

വെനിസ്വേലയിൽ നിന്നുള്ള എണ്ണ വാങ്ങൽ വർധിപ്പിച്ചു കൊണ്ട് റഷ്യന്‍ എണ്ണയുടെ ആഘാതം മറികടക്കാൻ ഇന്ത്യയ്ക്ക് കഴിയും എന്നാണ് പ്രതീക്ഷ. 10-14 ഡോളറാണ് ഇന്ത്യ, വെനസ്വേലയില്‍ നിന്നും പ്രതീക്ഷിക്കുന്ന ഇളവ്. ഇന്ത്യ എണ്ണ സ്രോതസുകള്‍ വൈവിധ്യവത്കരിച്ചിട്ടുണ്ട്. നിലവില്‍ 40 ലധികം രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. ഗയാന, ബ്രസീല്‍, കാനഡ അടക്കം പുതിയ വിതരണക്കാരെയും ഇന്ത്യ ചേര്‍ത്തിട്ടുണ്ട്. റഷ്യന്‍ എണ്ണയുടെ കുറവ് പരിഹരിക്കാന്‍ ആഫ്രിക്കന്‍ വിതരണക്കാര്‍ക്ക് സാധിക്കും. 2026 സാമ്പത്തിക വര്‍ഷത്തില്‍ നൈജീരിയ, അങ്കോള, ഈജിപ്ത്, ലിബിയ എന്നിവയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചിട്ടുണ്ട്. 

വരുമോ അധിക ചെലവ് 

ഇന്ത്യ–റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ എണ്ണ ഇറക്കുമതി ചെലവില്‍ 900 കോടി ഡോളര്‍ മുതല്‍ 1200 കോടി ഡോളര്‍ വരെ ചെലവുണ്ടാകും എന്നാണ് എസ്ബിഐ ഓഗസ്റ്റില്‍ പ്രസിദ്ധകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 900 കോടി ഡോളറിന്‍റെയും 2027 സാമ്പത്തിക വര്‍ഷത്തില്‍ 1,200 കോടി ഡോളറുമാണ് പ്രതീക്ഷിക്കുന്ന ചെലവ്.  

വെനസ്വേലയിൽ നിന്നുള്ള എണ്ണ ഡിസ്ക്കൗണ്ടില്‍ വാങ്ങുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ലാഭമാകും എന്നാണ് എസ്ബിഐ റിസര്‍ച്ചിന്‍റെ പുതിയ റിപ്പോര്‍ട്ട്. ബാരലിന് 10–12 ഡോളർ കിഴിവ് ലഭിച്ചാല്‍ ഇന്ത്യൻ ഇറക്കുമതിക്കാർക്ക് വാണിജ്യപരമായി ലാഭകരമാക്കും. അങ്ങനെയങ്കില്‍ ഇന്ത്യയ്ക്ക് ഏകദേശം 300 കോടി ഡോളർ ലാഭിക്കാനാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം നിര്‍ത്തിയാല്‍ എണ്ണ വില ഉയരുമെന്ന് നേരത്തെ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. വിതരണം തടസപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും. റഷ്യയെ എണ്ണ വിപണിയില്‍ നിന്നും മാറ്റി നിര്‍ത്താനാകില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. നിലവില്‍ ക്രൂ‍ഡ് ഓയില്‍ വില കുറഞ്ഞിരിക്കുന്നതിനാല്‍ റഷ്യയില്‍ നിന്നും വാങ്ങുന്നത് നിര്‍ത്തിയാലും വിലയില്‍ കാര്യമായ മാറ്റം വരുത്താന്‍ സാധ്യതയില്ല. എന്നാല്‍ റഷ്യന്‍ എണ്ണ കൈവിട്ട ശേഷം ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വലിയ ചാഞ്ചാട്ടങ്ങള്‍ ഇന്ധന വിലയിലും കാര്യമായ മാറ്റം വരുത്തും. 

ENGLISH SUMMARY:

India US trade deal impact on petrol prices is a major concern. While the US is reducing previously announced additional tariffs, India is giving concessions including MFN tariff, leading to potential increases in petrol prices if Russian oil imports are halted.