india-us

ഇന്ത്യ– യു.എസ്. വ്യാപാര കരാര്‍ വൈകിയേക്കും. കരാറിന്‍റെ നിയമ വശങ്ങള്‍ അന്തിമമാക്കാന്‍ ഇന്ത്യ–യു.എസ്. പ്രതിനിധി സംഘങ്ങള്‍ നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവ യു.എസ്. സുപ്രീം കോടതി വരവിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം.

യു.എസ്. സുപ്രീംകോടതി ഉത്തരവും പിന്നാലെ ഡോണള്‍ഡ് ട്രംപ് എല്ലാ രാജ്യങ്ങള്‍ക്കും 15 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയതുമാണ് ഇന്ത്യ– യു.എസ്. വ്യാപാര കരാര്‍ അനിശ്ചിതത്വത്തില്‍ ആക്കിയത്. പുതിയ സാഹചര്യം ഏതെല്ലാം രീതിയില്‍ പ്രതിഫലിക്കും എന്ന് വിശദമായി വിലയിരുത്തിയ ശേഷമാകുംതുടര്‍ ചര്‍ച്ചകള്‍ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.  നിലവിലെ വ്യാപാര കരാര്‍ ധാരണയനുസരിച്ച് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എസില്‍ 18 ശതമാനം തീരുവ നല്‍കണം. സുപ്രീംകോടതി വിധിക്കു പിന്നാലെ തീരുവ 15 ശതമാനമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ കരാറുമായി മുന്നോട്ടു പോകുന്നത് ഇന്ത്യക്ക് വന്‍ തിരിച്ചടിയാവും. വ്യവസ്ഥകള്‍ പുനഃപരിശോധിക്കണം എന്ന് ഇന്ത്യ ആവശ്യപ്പെടാനാണ് സാധ്യത. അങ്ങനെ വന്നാല്‍ മറ്റുമാര്‍ഗങ്ങളിലൂടെ വ്യാപാര രംഗത്ത് സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപ് ഭരണകൂടത്തിന് സാധിക്കും. യു.എസ്. വ്യാപാര നിയമത്തിലെ 301 ആം വകുപ്പനുസരിച്ച് ഒരു രാജ്യം അധാര്‍മിക വ്യാപാര രീതികള്‍ പിന്തുടരുന്നതായി ബോധ്യപ്പെട്ടാല്‍ ഉയര്‍ന്ന തീരുവ ചുമത്താം. ഇത്തരം വ്യവസ്ഥകള്‍ ഇന്ത്യക്കെതിരെ പ്രയോഗിച്ചേക്കാം. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ENGLISH SUMMARY:

India US trade deal is facing a delay as both nations have postponed crucial talks to finalize legal aspects. This development follows the US Supreme Court's decision on tariffs and President Donald Trump's subsequent imposition of a 15% additional duty on all countries, creating uncertainty around the trade agreement.