പുതുതായി വാങ്ങിയ ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാന്‍ താന്‍ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയില്‍ സൗകര്യമില്ല, എന്തുചെയ്യും ? സര്‍ക്കാരിന് പരാതി കൊടുത്തിട്ടും പരിഹാരമില്ലാത്തതോടെ നേരെ സുപ്രീം കോടതിയെ സമീപിച്ചു കാറുടമ.
വൈദ്യുതി മന്ത്രാലയം 2024ല്‍ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സൗകര്യങ്ങളുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും അവ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപ്പര്യ ഹർജി. താമസക്കാർക്ക് ഇ.വി ചാർജിങിന് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഹൗസിംഗ് സൊസൈറ്റിയും സംസ്ഥാന അധികൃതരും പരാജയപ്പെട്ടെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.
ഉത്തര്‍ പ്രദേശ് ഗ്രേറ്റർ നോയിഡയിലെ രചിത് കത്യാലാണ് ഹർജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സര്‍ക്കാരിനും നോയിഡയിലെ ഹൗസിങ് സൊസൈറ്റിക്കും നോട്ടീസ് അയച്ചു.
പുതിയ ഇലക്ട്രിക് കാര്‍ വാങ്ങിയ രചിത് കത്യാല്‍ പാർക്കിങ് സ്ഥലത്ത് സ്വന്തം ചെലവിൽ സർട്ടിഫൈഡ് ഇവി ചാർജിങ് യൂണിറ്റ് സ്ഥാപിക്കാൻ തന്റെ ഹൗസിങ് സൊസൈറ്റിയിൽനിന്ന് അനുമതി തേടിയിരുന്നു. എല്ലാ സുരക്ഷാ, വൈദ്യുത മാനദണ്ഡങ്ങളും പാലിക്കുമെന്നും മറ്റു സൗകര്യങ്ങളെ ബാധിക്കില്ലെന്നും സൊസൈറ്റിക്ക് ഉറപ്പുനൽകി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും നല്‍കി. എന്നാല്‍ സൊസൈറ്റി അനുമതി നല്‍കിയില്ലെന്നാണ് രചിത്തിന്‍റെ പരാതി.
2025 മെയ് മുതൽ ഡിസംബർ വരെ പലതവണ ആശയവിനിമയം നടത്തിയിട്ടും സൊസൈറ്റി അനുമതി നൽകുന്നതിനോ കൃത്യമായ മറുപടി നൽകുന്നതിനോ തയ്യാറായില്ല. പരിസരത്ത് മറ്റ് ചാർജിങ് പോയിന്റുകൾ നിലവിലുണ്ടെന്ന് സൊസൈറ്റി അറിയിച്ചിരുന്നു. എന്നാൽ മറ്റ് ഫ്ലാറ്റ് ഉടമകൾക്ക് ചില സ്ലോട്ടുകൾ അനുവദിച്ചതിനാൽ അവ അപര്യാപ്തമാണെന്നും തനിക്ക് ചാര്‍ജ് ചെയ്യാന്‍ അവസരം ലഭിക്കുന്നില്ലെന്നുമാണ് രചിത്തിന്‍റെ വാദം. റെസിഡൻഷ്യൽ കോംപ്ലക്‌സിൽ ഏകദേശം 4,000 ഫ്ലാറ്റുകളും 56 ഇലക്ട്രിക് വാഹനങ്ങളുമുണ്ട്. 7 kW, 3 kW എന്നിങ്ങനെ ശേഷിയുള്ള രണ്ട് ചാർജിങ് പോയിന്റുകൾ മാത്രമാണ് സൊസൈറ്റി പരിസരത്തുള്ളത്.
പാർക്കിങ് സ്ഥലങ്ങളിൽ സ്വകാര്യ ഇ.വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ താമസക്കാരെ അനുവദിക്കണമെന്ന് വൈദ്യുതി മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശമുണ്ട്. വൈദ്യുത വാഹനങ്ങളും പരിസ്ഥിതി സൗഹാര്‍ദ അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നതിന് ഈ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. മാര്‍ഗനിര്‍ദേശം ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാന അധികൃതര്‍ പരാജയപ്പെടുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 16, 21 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാരൻ വാദിക്കുന്നു. വൈദ്യുതി മന്ത്രാലയത്തിനും ഉത്തർപ്രദേശ് സർക്കാരിനും പലതവണ നിവേദനങ്ങൾ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും രചിത്ത് പറഞ്ഞു.
മലയാളി അഭിഭാഷകനായ ശ്രീറാം പറക്കാട്ടാണ് ഹർജിക്കാരനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. ഹര്‍ജി ഏപ്രിൽ 13 ന് വീണ്ടും പരിഗണിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്ന് എന്ത് മറുപടി നല്‍കുമെന്നാണ് ആകാംക്ഷ.