വഖഫ് ബോര്‍ഡില്‍ അമുസ്‍ലിംകളെ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി ബോര്‍ഡ് ചെയര്‍മാനും അംഗവും സുപ്രീം കോടതിയില്‍. വഖഫ് ബോര്‍ഡിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതിയെ വിധിയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ചെയര്‍മാന്‍ കെ.എസ്. ഹംസയും ഉമര്‍ ഫൈസി മുക്കത്തിന്റെയും മലക്കം മറിച്ചില്‍. ഇത് വഖഫ് കേസുകളില്‍ തിരിച്ചടിയാകുമെന്ന് ഉറപ്പായി. നിര്‍ണായക ഹര്‍ജിയുടെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് വിധി നിര്‍ണയത്തെ തന്നെ ബാധിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ബോര്‍ഡില്‍ അമുസ്‍ലിങ്ങളെ ഉള്‍പ്പെടുത്തണമെന്ന കേന്ദ്രഭേദഗതിയെ സമസ്തയുള്‍പ്പടെയുള്ള മുസ്‍ലിം സംഘടനകളോ സര്‍ക്കാരോ അംഗീകരിക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചെങ്കിലും അമുസ്‍ലിംങ്ങളുടെ ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്. അങ്ങനെയിരിക്കെ ഹര്‍ജിയിലെ 23–ാം പേജില്‍ പറയുന്നത് ഇങ്ങനെ,
''കേന്ദ്ര വഖഫ് നിയമ ഭേദഗതിക്ക് എതിരല്ല. ഭേദഗതി അനുസരിച്ചു ബോര്‍ഡിലേക്ക് അംഗങ്ങളെ നിയമിക്കേണ്ടത് കേരള സര്‍ക്കാരാണ്. അതിന് വി.ഡി സതീശന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. പകരം നിലവിലുള്ള കമ്മിറ്റിയെ പൂര്‍ണമായും പിരിച്ചുവിടാനാണ് നോക്കുന്നത്'' ഇതാണ് ഹര്‍ജിയില്‍ പറയുന്നത്. ഫലത്തില്‍ അമുസ്്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് പരോക്ഷമായി സമ്മതിക്കുകയാണിതിലൂടെ ചെയ്യുന്നത്. കെ.എസ് ഹംസയുടെയും സമസ്തയിലെ ഇടത് അനുകൂലിയായി അറിയപ്പെടുന്ന ഉമര്‍ ഫൈസിയുടെയും ഈ നിലപാട് ഒരേസമയം സമസ്തയേയും എല്‍ ഡിഎഫിനേയും വെട്ടിലാക്കും.
കേസിന്റെ ചരിത്രം പറയുമ്പോള്‍ പറഞ്ഞതെന്നും ലക്ഷ്യം സ്റ്റേ മാത്രമെന്നും കെ.എസ്. ഹംസ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം സര്‍ക്കാര്‍ തന്നെ അമുസ്‍ലിങ്ങളെ വയ്ക്കാമെന്ന് കോടതിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ചെയര്‍മാനോ അംഗത്തിനോ ഇക്കാര്യത്തില്‍ ഒരു നിലപാടും എടുക്കാന്‍ അധികാരമില്ലെന്നുമാണ് കെ എസ് ഹംസയുടേയും ഉമര്‍ ഫെസിയുടേയും വിശദീകരണം.