ഫിഫ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ കിക്ക് ഓഫ്. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ ശക്തികളായ സ്പെയിനും തമ്മിലാണ് അന്തിമ പോരാട്ടം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത് ഒരേഒരു ഉത്തരത്തിനായി! ആരായിരിക്കും ലോകകിരീടം ചൂടുന്നത്? സൂപ്പർ താരം ലയണൽ മെസ്സിയും യുവ പ്രതിഭ ലമീൻ യമാലും തമ്മിലുള്ള നേർക്കുനേർ പോരാട്ടം മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കുന്നുണ്ട്.
തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ അർജന്റീന നാടകീയവും ആവേശകരവുമായ മത്സരങ്ങളിലൂടെയാണ് ഏഴാം തവണ ഫൈനലിലെത്തുന്നത്. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ അസാധാരണ ഫോമാണ് അർജന്റീനയുടെ പ്രധാന കരുത്ത്. ഈ ടൂർണമെന്റിൽ മാത്രം 8 ഗോളുകൾ നേടിയ മെസ്സിയുടെ ആകെ ലോകകപ്പ് ഗോളുകളുടെ എണ്ണം ഇതോടെ 21 ആയി.
ഗ്രൂപ്പ് ഘട്ടത്തില്‍ അൾജീരിയ (3-0), ഓസ്ട്രിയ (2-0), ജോർദാൻ (3-1) എന്നിവരെ തകർത്ത് സമ്പൂർണ്ണ വിജയം നേടിയാണ് അര്‍ജന്‍റീന മുന്നേറിയത്. നോക്കൗട്ട് ഘട്ടത്തില്‍ കേപ് വെർദെയെ എക്സ്ട്രാ ടൈമിൽ 3-2 ന് മറികടന്നു. പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ 79-ാം മിനിറ്റ് വരെ 0-2 ന് പിന്നിലായ ശേഷം 3-2 ന്റെ ചരിത്രപരമായ തിരിച്ചുവരവ് നടത്തി. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ എക്സ്ട്രാ ടൈമിൽ (3-1) വീഴ്ത്തി. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം എൻസോ ഫെർണാണ്ടസ്, ലൗട്ടാരോ മാർട്ടിനെസ് എന്നിവരുടെ ഗോളുകളിൽ 2-1 ന്റെ ആവേശജയം സ്വന്തമാക്കിയാണ് അർജന്റീന ഫൈനലിൽ എത്തിയത്.
മറുവശത്ത് ടൂർണമെന്റിലുടനീളം മികച്ച ഫോം നിലനിർത്തിയ സ്പെയിൻ, സെമി ഫൈനലിൽ കിരീടസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഫ്രാൻസിനെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്. ഫ്രഞ്ച് പടയെ പൂർണ്ണമായും നിഷ്പ്രഭമാക്കിയ പ്രകടനമായിരുന്നു സ്പെയിൻ സെമിയിൽ കാഴ്ചവെച്ചത്. ഗ്രൂപ്പ് എച്ചിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയെങ്കിലും, സൗദി അറേബ്യയെ 4 ഗോളുകൾക്കും ഉറുഗ്വായെ 1-0 നും തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി. നോക്കൗട്ട് ഘട്ടത്തില്‍ റൗണ്ട് ഓഫ് 32-ൽ ഓസ്ട്രിയയെ (3-0) തകർത്തു. തുടർന്ന് നടന്ന കടുത്ത പോരാട്ടങ്ങളിൽ മിഷേൽ മെറീനോയുടെ അവസാന നിമിഷ ഗോളുകളുടെ കരുത്തിൽ പോർച്ചുഗലിനെയും (1-0), ബെൽജിയത്തെയും (2-1) കീഴടക്കി. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കിരീടം ചൂടിയതിന് ശേഷം സ്പെയിൻ കളിക്കുന്ന ആദ്യ ലോകകപ്പ് ഫൈനലാണിത്.
ലോകകപ്പ് ചരിത്രത്തിൽ ഇതിനുമുമ്പ് ഒരേയൊരു തവണ മാത്രമാണ് ഇരുടീമുകളും നേർക്കുനേർ വന്നിട്ടുള്ളത്. 1966-ൽ വില്ല പാർക്കിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ അർജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിനെ തോൽപ്പിച്ചിരുന്നു. എങ്കിലും ഇരുടീമുകളും ഇതുവരെ 13 സൗഹൃദ മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ആറ് മത്സരങ്ങളിൽ സ്പെയിനും അഞ്ച് മത്സരങ്ങളിൽ അർജന്റീനയും വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
അവസാനമായി മാഡ്രിഡിൽ നടന്ന സൗഹൃദ മത്സരത്തിൽ സ്പെയിൻ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് അർജന്റീനയെ തകർത്തിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഖത്തറിൽ നടക്കേണ്ടിയിരുന്ന ഫൈനലിസിമ മത്സരം ഒഴിവാക്കപ്പെട്ടതിനാൽ, ഇരു വൻകരകളിലെയും രാജാക്കന്മാർ നേർക്കുനേർ വരുന്ന മഹാപോരാട്ടത്തിനാണ് ഇപ്പോൾ ന്യൂജേഴ്‌സി സാക്ഷ്യം വഹിക്കുന്നത്.