കെസിഎൽ മൂന്നാം സീസണിന്റെ ഫൈനൽ പോരാട്ടത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ തൃശൂർ ടൈറ്റൻസിന് 168 റൺസ് വിജയലക്ഷ്യം. കാലിക്കറ്റ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 167 റൺസെടുത്തത്.
ഫൈനലിൽ ടോസ് നേടിയ കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ രോഹൻ, ശരത്ചന്ദ്രപ്രസാദ് എറിഞ്ഞ രണ്ടാം ഓവറിൽ ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റൺസ് വാരിക്കൂട്ടി. എന്നാൽ അടുത്ത ഓവറിൽ രണ്ട് റൺസെടുത്ത വരുൺ നായനാരെ പുറത്താക്കി ആനന്ദ് ജോസഫ് കാലിക്കറ്റിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ രോഹൻ കുന്നുമ്മലും മടങ്ങിയതോടെ കാലിക്കറ്റ് പ്രതിരോധത്തിലായി. 17 പന്തുകളിൽ നിന്ന് 21 റൺസായിരുന്നു രോഹൻ നേടിയത്.
തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന അഖിൽ സ്കറിയയും അശ്വിൻ ആനന്ദും ചേർന്ന കൂട്ടുകെട്ട് കാലിക്കറ്റിന് മുതൽക്കൂട്ടായി. ഇരുവരും ചേർന്ന് 49 പന്തുകളിൽ 73 റൺസ് കൂട്ടിച്ചേർത്തു. 45 റൺസെടുത്ത അഖിൽ സ്കറിയയെ പുറത്താക്കി ബിജു നാരായണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തൊട്ടടുത്ത ഓവറിൽ 40 റൺസെടുത്ത അശ്വിൻ ആനന്ദും മടങ്ങുമ്പോൾ നാല് വിക്കറ്റിന് 117 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ്. എന്നാൽ തുടർന്ന് കണ്ടത് തൃശൂരിന്റെ ശക്തമായ തിരിച്ചുവരവാണ്. കണിശതയോടെ പന്തെറിഞ്ഞ തൃശൂരിന്റെ ബൗളർമാർ കാലിക്കറ്റിന്റെ സ്കോറിങ് ദുഷ്കരമാക്കി.
കാലിക്കറ്റിന്റെ ബിഗ് ഹിറ്റർമാരായ സൽമാൻ നിസാർ, അബ്ദുൾ ബാസിദ്, കൃഷ്ണദേവൻ എന്നിവരിൽ ഒരാൾക്കു പോലും നിർണായക മത്സരത്തിൽ തിളങ്ങാനായില്ല. സൽമാൻ 16-ഉം അബ്ദുൾ ബാസിദ് 14-ഉം കൃഷ്ണദേവൻ ഏഴും റൺസെടുത്ത് മടങ്ങിയതോടെ കാലിക്കറ്റിന്റെ സ്കോർ 167-ൽ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അബ്ദുൾ റമീസാണ് തൃശൂർ ബൗളിങ് നിരയിൽ ഏറ്റവും തിളങ്ങിയത്. രണ്ട് വിക്കറ്റ് വീതം നേടിയ ആനന്ദ് ജോസഫിന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും പ്രകടനങ്ങളും ശ്രദ്ധേയമായി.