Untitled design - 1

TOPICS COVERED

മുന്‍ അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ ഒരാൾക്ക് ജാമ്യം. കേസിലെ രണ്ടാം പ്രതിയും പേരാമ്പ്ര ബി ആർ സിയിലെ അധ്യാപികയുമായിരുന്ന കെ.സികീർത്തനക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം ഏതാണ്ട് പൂർത്തിയായത്  പരിഗണിച്ചാണ് കോടതി നടപടി. കൂടാതെ പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലന്നും പരിഗണിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും  എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. 

 

സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ല കൂടാതെ വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും നിർദേശം നൽകി. വ്യാഴാഴ്ച ജാമ്യം  ലഭിച്ചെങ്കിലും  ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തതിനാൽ ഇതുവരെ  പുറത്തിറങ്ങാൻ ആയിട്ടില്ല.

 

സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസായിരുന്നു സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ എംഎഡിഎംഎ കേസ്. ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 2 അധ്യാപികമാർ അറസ്റ്റിലായത്. സാധാരണ ലഹരി കേസിനപ്പുറം ഈ സംഭവത്തിൽ വലിയൊരു ശൃംഖലയുണ്ടെന്നു സംശയിക്കുന്നു. ഇരുവരേയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.  ഇരുവരും ഒന്നിച്ചാണു യാത്ര. ഒന്നിച്ചാണു യോഗങ്ങൾക്ക് എത്തിയത്. കീർ‍ത്തന അറസ്റ്റിലായപ്പോൾ കാവ്യയെ നേരിട്ടു വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. ലഹരി ഇടപാടുകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ, കീർത്തനയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും ലഹരി ഇടപാടിൽ പങ്കില്ലെന്നുമാണ് കാവ്യയുടെ നിലപാട്.

 

എംഡിഎംഎ ആവശ്യമുള്ളവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വാങ്ങുന്നവരുമായി നേരിട്ടു ബന്ധമില്ലാത്ത കാവ്യ സാധനം ലഭ്യമാകുന്ന ലൊക്കേഷൻ അയച്ചു കൊടുക്കും. മൊത്ത വിൽപനക്കാരുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതു പോലെ കുടുതൽ സ്ത്രീകൾ ലഹരി വിൽപനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Vadakara MDMA case bail was granted to K Kirthana, a former teacher and second accused. The High Court considered the nearly completed investigation and the absence of prior criminal cases against her when granting bail.