മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക് പോസ്റ്റുകൾ നീക്കംചെയ്തത് പുനഃസ്ഥാപിച്ചു. വീഴ്ച പറ്റിയതായി മെറ്റ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പോസ്റ്റ് നീക്കിയതില്‍ മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നല്‍കിയിരുന്നു. രണ്ടു പോസ്റ്റുകളാണ് നീക്കം ചെയ്തത്.
സാങ്കേതിക തകരാർ മൂലമാണ് സംഭവിച്ചതെന്ന് മെറ്റ നേരത്തെ തന്നെ അറിയിച്ചിരുന്നു. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെ സാന്നിധ്യമുള്ള പോസ്റ്റുകൾ നീക്കംചെയ്തതാണെന്നും തങ്ങളുടെ പിഴവാണിതെന്നും മെറ്റ സൈബർ പൊലീസിനെ അറിയിച്ചു. മറ്റു പല സംസ്ഥാനങ്ങളിലും സമാനപ്രശ്നമുണ്ടായിട്ടുണ്ടെന്നും പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് സർക്കാരോ ഏതെങ്കിലും വ്യക്തിയോ ആവശ്യപ്പെട്ടിരുന്നില്ലെന്നും അറിയിച്ചു.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട രണ്ട് പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തത് വന്‍വിവാദമായിരുന്നു. ഏതാനും വാർത്താ ചാനലുകളുടെയും പോസ്റ്റുകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്തത് അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണെന്ന ആരോപണമുയർന്നിരുന്നു. എന്നാൽ, മെറ്റയ്ക്ക് അത്തരം നിർദേശം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തന്നെ പ്രശംസിച്ചുള്ള പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ടെന്നും വിമർശനസ്വഭാവമുള്ള പോസ്റ്റുകളടക്കം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്കു കത്തയയ്ക്കാൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെയാണ് സൈബർ പൊലീസ് മെറ്റയോടു വിശദീകരണം തേടിയത്.