തൃശൂർ വേലൂരിലെ വെള്ളാറ്റഞ്ഞൂർ ചെറുക്കുന്നിൽ 24 കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. മൊബൈൽ ടവർ നിർമാണത്തിനായി കുന്നിൻ ഭാഗം ഇടിച്ച് വലിയ കുഴിയെടുത്തതിരുന്നു. മഴ ശക്തമായതോടെ പ്രദേശവാസികളുടെ ആശങ്ക വർധിച്ചിരിക്കുകയാണ്.
ടവർ നിർമാണത്തിനായി കുന്നിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയാണ് വലിയ കുഴിയെടുത്തത്. ഇതോടെ മണ്ണിടിച്ചിലിന് സാധ്യത വർധിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഏത് സമയത്തും മണ്ണ് ഇടിഞ്ഞ് താഴേക്ക് വീഴാവുന്ന സാഹചര്യമാണുള്ളതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
സമീപത്തുള്ള കുടിവെള്ള ടാങ്കുകൾക്കും തകർച്ചാ ഭീഷണി നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു. കുഴിയെടുത്ത സ്ഥലം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണെങ്കിലും പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച് കുഴി മണ്ണിട്ട് നികത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ മൊബൈൽ ടവർ നിർമാണത്തിന് ആവശ്യമായ നിയമാനുസൃത അനുമതികൾ സ്വകാര്യ വ്യക്തിക്ക് ലഭിച്ചിട്ടുള്ളതിനാൽ ഉദ്യോഗസ്ഥ തലത്തിൽ ഇടപെടലിന് പരിമിതികളുണ്ടെന്നാണ് സൂചന.
അതിനാൽ നിയമപരമായ മാർഗങ്ങളിലൂടെ നിർമാണ പ്രവർത്തനത്തിനെതിരെ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ. സുരക്ഷാ ഭീഷണി പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.