മൂന്ന് വർഷത്തെ വേതനവർധന കുടിശിക കിട്ടാത്തതിനാൽ തലയോലപറമ്പ് സിവിൽ സപ്ലൈസ് ഗോഡൗണിൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക്. വൈക്കം താലൂക്കിലെ 18 സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലേക്കും സ്കൂളുകളിലേക്കുമുള്ള വിതരണം നിലച്ചു. സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്.
കോവിഡ് കാലത്ത് അധികജോലി ചെയ്തതുൾപ്പെടെയുള്ള തുക കിട്ടാത്തതോടെയാണ് തലയോലപ്പറമ്പ് ഗോഡൗണിന് കീഴിലെ തൊഴിലാളികൾ പ്രതിഷേധത്തിന് ഇറങ്ങിയത്. 33 തൊഴിലാളികൾക്കാണ് പണം കിട്ടാത്തത്. ഉദ്യോഗസ്ഥ അനാസ്ഥയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആകെ 16,76000 രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികൾക്കും പണം നൽകിയിട്ടും തലയോലപ്പറമ്പ് ഗോഡൗണിലെ തൊഴിലാളികൾക്ക് മാത്രമാണ് പണം കിട്ടാത്തതെന്ന് പരാതി. തൊഴിലാളികൾക്ക് കിട്ടേണ്ട തുകയുടെ കണക്ക് കൃത്യമായി ഉദ്യോഗസ്ഥർ കൊടുക്കാത്തതാണ് പ്രശ്നമെന്നാണ് ഇടത് യൂണിയനുകളുടെ ആക്ഷേപം.
ഗോഡൗണിന്‍റെ കവാടത്തിൽ കല്ല് വച്ച് കൊടിനാട്ടിയാണ് തൊഴിലാളികൾ പ്രവേശനം തടഞ്ഞത്. ലോഡുമായി എത്തുന്ന വാഹനത്തിൽ നിന്ന് സാധനം ഇറക്കാതെയും പുറത്തേക്കുള്ള വിതരണം മുടക്കിയുമാണ് പ്രതിഷേധം. ഇതോടെ വൈക്കം താലൂക്കിലെ പതിനെട്ട് സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലേക്കും സ്കൂളുകളിലെ ഉച്ചക്കത്തി വിതരണത്തിനുള്ള സാധനങ്ങളുടേയും വിതരണമാണ് മുടങ്ങിയത്.