വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. സര്‍ക്കാരിന്‍റെ അവഗണന തുടരുകയാണെങ്കില്‍ കടകളടച്ചുള്ള സമരത്തിലേക്ക് കടക്കാനാണ് വ്യാപാരികളുടെ തീരുമാനം.
റേഷന്‍ വ്യാപാരികളുടെ പ്രതിമാസ വേതനം 18000 രൂപയാണ്. ഇതില്‍ 25 ശതമാനം വര്‍ധന രണ്ടുവര്‍ഷം മുമ്പ് നിയോഗിച്ച കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടും നടപ്പാക്കുന്നില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. വേതനപാക്കേജ് നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി പല തവണ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നടപ്പാക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
വിവിധ വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ വ്യാപാരികളെ കബളിപ്പിക്കുകയാണെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. ഓണക്കാലത്ത് എല്ലാ തൊഴില്‍ മേഖലയ്ക്കും സര്‍ക്കാര്‍ ഉത്സവബത്ത അനുവദിച്ചപ്പോള്‍ റേഷന്‍ വ്യാപാരികള്‍ ഒഴിവാക്കിയെന്നും ആരോപണം. 14500 ഓളം റേഷന്‍കടകളാണ് സംസ്ഥാനത്തുള്ളത്.