ഇടുക്കി ഏലപ്പാറയില്‍ പൂച്ചപ്പുലി ചത്ത നിലയില്‍. ഇന്നലെ രാത്രി വാഹനമിടിച്ചാണ് ചത്തതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. ജഡം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഏതാനും ദിവസങ്ങളായി ഏലപ്പാറ പ്രദേശത്ത് പുലിയിറങ്ങിയതായി അഭ്യൂഹമുണ്ടായിരുന്നു. പൂച്ചപ്പുലിയെ കണ്ടവരാണോ പുലിയെന്ന് ഭയന്നതെന്ന് സംശയമുണ്ട്. ഇതുവരെ പുലിയുടെ കാല്‍പ്പാടുകളോ മറ്റ് തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നാണ് വനംവകുപ്പിന്‍റെ നിലപാട്.
പൂച്ചപ്പുലി അഥവാ പുലിപ്പൂച്ച ഏഷ്യയിൽ കണ്ടുവരുന്ന കാട്ടുപൂച്ചയാണ്. പുലിയെപ്പോലെ പുള്ളികളുള്ളതിനാലാണ് ഈ പേര് വന്നത്. കേരളത്തിലെ വനങ്ങളിലും ഇവയെ കണ്ടുവരുന്നുണ്ട്. വീട്ടിൽ വളർത്തുന്ന പൂച്ചയുടെ ഏകദേശ വലിപ്പവും നീളമുള്ള കാലുകളും ഇവയ്ക്കുണ്ട്. ശരീരത്തിന് 38 സെന്റിമീറ്റർ മുതൽ 66 സെന്റിമീറ്റർ വരെ നീളമുണ്ടാകും. ഇന്ത്യയ്ക്ക് പുറമേ കൊറിയ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ ഇവയെ കാണാറുണ്ട്. ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്നവയും രാത്രികാലങ്ങളിൽ പ്രധാനമായും ഇരതേടുന്നവയുമാണ്.
2017 ലെ ഐയുസിഎൻ ക്യാറ്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ പരിഷ്കരിച്ച വർഗ്ഗീകരണ പ്രകാരം പുലിപ്പൂച്ചയ്ക്ക് രണ്ട് ഉപവർഗ്ഗങ്ങളുണ്ട്. ഒന്ന് പ്രധാന ഏഷ്യൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പ്രയോണൈലൂറസ് ബംഗാളൻസിസ് ബംഗാളൻസിസ്, രണ്ടാമത്തേത് സുന്ദ ദ്വീപുകളിൽ കാണപ്പെടുന്ന പ്രയോണൈലൂറസ് ബംഗാളൻസിസ് ജാവൻസിസ്.
മുതിർന്ന പുലിപ്പൂച്ചകൾക്ക് സാധാരണയായി ഒന്നര കിലോഗ്രാം മുതൽ നാല് കിലോഗ്രാം വരെയാണ് ശരാശരി ഭാരം. വടക്കൻ മേഖലകളിൽ ഏഴ് കിലോഗ്രാം വരെ ഭാരം വയ്ക്കാറുണ്ട്. സമുദ്രനിരപ്പിൽ നിന്ന് നാലായിരം മീറ്ററിലധികം ഉയരമുള്ള ഹിമാലയൻ പ്രദേശങ്ങളിൽ വരെ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.