മൂന്നാറിലെ മലമുകളിൽ പാറപ്പുറത്ത് തലയുയർത്തി നിൽക്കുന്ന ചക്കക്കൊമ്പന്റെ ദൃശ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഒറ്റനോട്ടത്തിൽ എഐ നിർമ്മിതമാണെന്ന് പോലും പലരും സംശയിച്ച ആ ദൃശ്യം യഥാർഥത്തിൽ ഡ്രോൺ ക്യാമറയിൽ പകർത്തിയതാണ്. എന്നാൽ, ഈ വിസ്മയ ദൃശ്യത്തിന് പിന്നിൽ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറല്ല, മറിച്ച് അങ്കമാലിയിലെ പ്രശസ്ത ദന്തരോഗ വിദഗ്ധനായ ഡോ. ബിജീഷ് മത്തായിയാണ്. ബുദ്ധിയാണ് ചക്കക്കൊമ്പന്റെ മെയ്ൻ എന്നാണ് വൈറൽ ദൃശ്യങ്ങൾ പകർത്തിയ ഡോ. ബിജീഷ് മത്തായിക്കും പറയാനുള്ളത്. അപ്രതീക്ഷിതമായാണ് ചക്കക്കൊമ്പന്റെ ആ ദൃശ്യം ലഭിക്കുന്നതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
ദൃശ്യം പിറന്ന വഴി
നവംബർ 15ന് ഞായറാഴ്ച മൂന്നാർ ആനയിറങ്കൽ ഡാമിന്റെ റിസര്വോയറോട് ചേർന്ന് ആനയെ നിരീക്ഷിക്കുന്നതിനായി മൂന്നാർ ആർ.ആർ.ടി സംഘത്തോടൊപ്പം പോയപ്പോഴാണ് ഈ അപൂർവ്വ ദൃശ്യം ബിജീഷിന്റെ ക്യാമറയിൽ പതിഞ്ഞത്. രാവിലെ മുതൽ നിരീക്ഷണത്തിലായിരുന്ന ചക്കക്കൊമ്പൻ വൈകുന്നേരത്തോടെ ഉയരമുള്ള പാറപ്പുറത്തേക്ക് കയറി നിൽക്കുകയായിരുന്നു. ‘ഇത്രയും ഉയരമുള്ള ഒരു പാറയുടെ മുകളിൽ ആന നിൽക്കുന്നത് ഇതിനുമുൻപ് കണ്ടിട്ടില്ല. വലിയ അതിശയമാണ് തോന്നിയത്. ഒപ്പമുണ്ടായിരുന്ന ഡെപ്യൂട്ടി റേഞ്ചർ ജയൻ സാറാണ് വെളിച്ചം മങ്ങുന്നതിന് മുൻപ്, ദൃശ്യം പകർത്താൻ നിർദ്ദേശിച്ചത്’– ഡോ. ബിജീഷ് മത്തായി പറയുന്നു.
മുഖ്യമന്ത്രിയും ഏറ്റെടുത്ത വിഡിയോ
ബിജീഷ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. അന്ന് രാത്രി വരെ അഭിനന്ദന പ്രവാഹമായിരുന്നെന്നും ഉറങ്ങാൻ പോലും സാധിച്ചില്ലെന്നും അദ്ദേഹം ഓർക്കുന്നു. പിറ്റേദിവസം കേരള ടൂറിസം പേജും മുഖ്യമന്ത്രി വി.ഡി.സതീശൻ അടക്കമുള്ള പ്രമുഖരും ഈ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ സന്തോഷം ഇരട്ടിയായി.
‘പല്ലുപറിക്കലി’നിടയിലെ ആനക്കമ്പം
കഴിഞ്ഞ 19 വർഷമായി അങ്കമാലിയിൽ ഡെന്റൽ സർജനായി പ്രാക്ടീസ് ചെയ്യുന്ന ബിജീഷ്, 10 വർഷമായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയെ തന്റെ ജീവശ്വാസമായി കൊണ്ടുനടക്കുന്നു. സ്വന്തം ക്ലിനിക്കിനുള്ളിൽ പോലും ആനകളുടെ ചിത്രങ്ങളാണ് അദ്ദേഹം വെച്ചിരിക്കുന്നത്. സ്കൂൾ- കോളജ് കാലം മുതലുള്ള ക്യാമറ പ്രേമമാണ് പിന്നീട് കാടുകളിലേക്കും വന്യജീവി ഫോട്ടോഗ്രാഫിയിലേക്കും എത്തിച്ചത്. എത്ര തിരക്കുകൾക്കിടയിലും മാസത്തിൽ രണ്ടുതവണയെങ്കിലും കാട്ടിലേക്ക് യാത്ര തിരിക്കാൻ അദ്ദേഹം സമയം കണ്ടെത്തും.
ചക്കക്കൊമ്പന് പുറമെ നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പൻ, മൂന്നാറിന്റെ പടയപ്പ, ഏഴാറ്റുമുഖം ഗണപതി തുടങ്ങി കേരളത്തിലെ പ്രമുഖ കാട്ടുകൊമ്പന്മാരുടെയെല്ലാം ദൃശ്യങ്ങൾ ബിജീഷ് പകർത്തിയിട്ടുണ്ട്. ‘മുമ്പ് പടയപ്പ 20-30 മീറ്റർ അടുത്ത് വരെ പാഞ്ഞടുത്തിട്ടുണ്ട്. എന്നാൽ നമ്മളെ ഉപദ്രവിക്കാതെ സൈഡിലൂടെ കടന്നുപോയി. ചക്കക്കൊമ്പൻ അതീവ ബുദ്ധിമാനും ശക്തിമാനുമായ ഒരു അദ്ഭുത ജീവിയാണ്’– ബിജീഷ് കൂട്ടിച്ചേർത്തു. കാടിനെ ആസ്വദിക്കാനും കൂടുതൽ വിസ്മയ ദൃശ്യങ്ങൾ ക്യാമറയിലാക്കാനുമുള്ള യാത്ര തുടരുകയാണ് ഈ ഡോക്ടർ.