dance

കലോത്സവ വേദികളിൽ വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്ന ഗോത്രകലയാണ് 'പളിയ നൃത്തം'. കാടിന്റെ താളവും പ്രകൃതിയുടെ സ്പർശവും ഒത്തുചേരുന്ന ഈ നൃത്തരൂപത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ തനതായ വേഷവിധാനങ്ങളും ആഭരണങ്ങളുമാണ്. 

ഇടുക്കി കുമളിയിലെ പളിയർ ഗോത്രവിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപമായ ഇത് വയനാട് റവന്യൂ ജില്ലാ കലോത്സവ വേദിയിലും കാഴ്ചക്കാർക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്. മഴയ്ക്കും രോഗശാന്തിക്കുമായി കുലദേവതയായ 'എളാത്ത് പള്ളിച്ചി അമ്മയെ' പ്രീതിപ്പെടുത്താൻ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിന്റെ പ്രധാന സവിശേഷത പ്രകൃതിയിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന വസ്തുക്കളാൽ തീർത്ത വേഷവിധാനങ്ങളാണ്. ഔഷധഗുണമുള്ള 'ഇഞ്ച' എന്ന ചെടിയുടെ തോല് വെട്ടിയെടുത്ത് ചതച്ചാണ് നർത്തകരുടെ അരയുടുപ്പ് തയ്യാറാക്കുന്നത്.

വേഷം പോലെ തന്നെ കൗതുകമുണർത്തുന്നതാണ് ഇവരുടെ ആഭരണങ്ങളും. സ്വർണ്ണമോ വെള്ളിയോ അല്ല, കാട്ടിലെ മുളയാണ് പളിയ നൃത്തകരുടെ അലങ്കാരം. കനം കുറഞ്ഞ 'മഞ്ഞമുള' ചെത്തിമിനുക്കിയാണ് കഴുത്തിലെ മാലകളും കമ്മലുകളും നിർമ്മിക്കുന്നത്. മുളമുത്തുകൾ കോർത്ത മഞ്ഞയും വെള്ളയും നിറത്തിലുള്ള കൈവളകളും, 'ഓടമുള' കൊണ്ടുള്ള അരപ്പട്ടയും ഇവർ അണിയുന്നു. തലയിൽ തൂവലുകളും മുഖത്ത് ഗോത്രത്തനിമയുള്ള വരകളും ചേരുമ്പോൾ വേഷവിധാനം പൂർണ്ണമാകുന്നു. ആനമുള കൊണ്ടുള്ള ചെണ്ടയുടെയും നഗാരയുടെയും താളത്തിനൊപ്പം ചുവടുവയ്ക്കുമ്പോൾ, പളിയ നൃത്തം കാണികൾക്ക് മറക്കാനാവാത്ത ദൃശ്യവിരുന്നായി മാറുന്നു.

ENGLISH SUMMARY:

Paliya Nritham is a unique tribal dance from Kerala that captivates audiences with its nature-inspired costumes and traditional rhythms. This article explores the cultural significance and mesmerizing performances of the Paliya dance showcased at youth festivals.