പരിമിതികളുടെ തിണ്ണയിൽ നിന്ന് ചിലങ്കയണിഞ്ഞ് കലയുടെ അത്യുന്നതിയിലേക്ക് ചുവടുവെച്ച ഒരു മിടുക്കനുണ്ട് വയനാട്ടിൽ. വരടിമൂല പണിയ ഉന്നതിയിലെ അഭിഷേക് വിജയൻ. റവന്യൂ ജില്ലാ കലോത്സവത്തിൽ കുച്ചിപ്പുടിയിലും കേരള നടനത്തിലും ഒന്നാം സ്ഥാനവും, നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനവും നേടി ഇരട്ടി മധുരത്തോടെയാണ് ഈ ഒൻപതാം ക്ലാസുകാരൻ സംസ്ഥാന കലാമേളയ്ക്ക് യോഗ്യത നേടിയത്. ഈ നേട്ടത്തിന് പിന്നിൽ വലിയൊരു കരുതലിന്റെയും ഗുരുത്വത്തിന്റെയും കഥയുണ്ട്.
കൂലിപ്പണിക്കാരനായ വിജയന്റെയും ഹരിതകർമ്മ സേനാംഗമായ അനുവിന്റെയും മകനാണ് അഭിഷേക്. സാമ്പത്തിക പരിമിതികൾ ഏറെയുണ്ടെങ്കിലും മകന്റെ ആഗ്രഹങ്ങൾക്ക് അമ്മ അനു എന്നും പിന്തുണയായി നിന്നു. അമ്മയുടെ ചേച്ചിയുടെ മകൾ സവിതയാണ് അഭിഷേകിന്റെ കാലുകളിൽ ആദ്യമായി ചിലങ്കയണിയിച്ചത്. ചേച്ചിക്ക് കീഴിൽ അരങ്ങേറ്റം കുറിച്ച അവൻ, ക്ഷേത്രമുറ്റങ്ങളിൽ നൃത്തം അവതരിപ്പിച്ച് നാട്ടുകാരുടെ പ്രിയങ്കരനായി.
വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ അഭിഷേകിന്റെ നൃത്തം കണ്ട മാനന്തവാടി നടനകലാ കേന്ദ്രത്തിലെ അധ്യാപകൻ സാബു സെബാസ്റ്റ്യനാണ് ആ പ്രതിഭയെ തിരിച്ചറിഞ്ഞത്. സാമ്പത്തിക പ്രയാസങ്ങൾ പഠനത്തിന് തടസ്സമാകാതിരിക്കാൻ, ആറാം ക്ലാസ് മുതൽ സൗജന്യമായി നൃത്തം പഠിപ്പിച്ച് സാബു മാഷ് അവനെ കലോത്സവ വേദികളിലേക്ക് കൈപിടിച്ചുയർത്തി.
ഗുരുവിന്റെ വിശ്വാസം അഭിഷേക് തെറ്റിച്ചില്ല. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ ഈ മിടുക്കൻ, ഇത്തവണ കുച്ചിപ്പുടിയിലും കേരള നടനത്തിലും ഒന്നാമതും നാടോടിനൃത്തത്തിൽ രണ്ടാമതുമെത്തി ഇരട്ട നേട്ടത്തോടെയാണ് സംസ്ഥാന മേളയ്ക്ക് ടിക്കറ്റെടുത്തത്. വട്ടക്കളിയും കമ്പളനാട്ടിയും അലിഞ്ഞുചേർന്ന മണ്ണിൽ നിന്ന്, ശാസ്ത്രീയ നൃത്തത്തിന്റെ അത്യുന്നതിയിലേക്ക് ചുവടുവെക്കുന്ന അഭിഷേക് ഇനി സംസ്ഥാന കലോത്സവ വേദിയും കീഴടക്കാനുള്ള ഒരുക്കത്തിലാണ്.