apple-at-wayanad
  • കായ്കൾ പിടിച്ചിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ

മഞ്ഞുപെയ്യുന്ന കശ്മീർ താഴ്‌വരകളുടെ മാത്രം കുത്തകയായിരുന്ന ആപ്പിൾ മധുരം ഇനി വയനാട്ടില്‍. കാന്തല്ലൂരിന്‍റെ കോടമഞ്ഞിനപ്പുറം, കേരളത്തിന്‍റെ മണ്ണുകളിൽ ആപ്പിൾ പൂവിടില്ലെന്ന പഴയ വിശ്വാസങ്ങളെ തിരുത്തിക്കുറിക്കുകയാണ് പുൽപ്പള്ളി സ്വദേശി സിനേഷ്.

ഹിമാലയൻ താഴ്‌വരകളിലെ തണുപ്പിനെ പ്രണയിക്കുന്ന ആപ്പിൾ മരങ്ങൾ, വയനാട് പുൽപ്പള്ളിയിലെ സിനേഷിന്റെ വീട്ടുമുറ്റത്ത് പച്ചപ്പണിഞ്ഞ് കായ്ച്ചുനിൽക്കുകയാണ്. പത്രവിതരണ ഏജന്റായ സിനേഷ്, തന്റെ മണ്ണിൽ കൗതുകത്തോടെ നട്ടുവളർത്തിയ രണ്ട് ആപ്പിൾ മരങ്ങളാണ് ഇന്ന് നാടിന് വിസ്മയമാകുന്നത്.

 

ഒന്നര വർഷം മുൻപ് പുൽപ്പള്ളിയിലെ ഒരു കർഷകക്കൂട്ടായ്മ വഴിയാണ് 350 രൂപ നിരക്കിൽ ഗ്രാഫ്റ്റ് ചെയ്ത ആപ്പിൾ തൈകൾ സിനേഷ് സ്വന്തമാക്കിയത്. വയനാടൻ മണ്ണിന്റെ നനവോടും കാലാവസ്ഥയോടും വേഗത്തിൽ ഇണങ്ങിച്ചേർന്ന തൈകൾ, പ്രതീക്ഷകൾക്ക് ചിറകുനൽകി ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൂവിടുകയും കായ്ക്കുകയും ചെയ്തു.

കായ്കൾ പിടിച്ചിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. ഇവ പൂർണമായും മൂത്തുപാകമാകാൻ ഇനിയും അഞ്ചുമാസമെടുക്കും. മണ്ണിന്‍റെ മനസറിഞ്ഞുള്ള ഏതൊരു കൃഷി പരീക്ഷണവും കനകം വിളയിക്കുമെന്നതിന്റെ നേർസാക്ഷ്യമാണ് പുൽപ്പള്ളിയിലെ ഈ കൊച്ചു തോട്ടം. പച്ചനിറത്തിൽ നിന്നും ചുവപ്പിന്റെ മനോഹാരിതയിലേക്ക് മാറുന്ന ആപ്പിളുകൾ പറിച്ചെടുക്കാനുള്ള കാത്തിരിപ്പിലാണ് സിനേഷും കുടുംബവും.

ENGLISH SUMMARY:

Breaking the long-held belief that apples in Kerala can only thrive in the misty hills of Kanthalloor, Sinesh, a newspaper distribution agent from Pulpally in Wayanad, has successfully grown fruit-bearing apple trees in his courtyard. Driven by curiosity, Sinesh purchased two grafted apple saplings for 350 each through a local farmers' collective in Pulpally one and a half years ago. Adapting swiftly to Wayanad's soil moisture and climate, the trees flowered and began bearing fruit within a short span.