ശബരിമല തീര്‍ഥാടനകാലത്ത് മതസൗഹാര്‍ദത്തിന്റെയും സേവനത്തിന്റെയും മാതൃക തീര്‍ക്കുകയാണ് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നഹാസ് പത്തനംതിട്ട. യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായി കഴിഞ്ഞ 11 വര്‍ഷമായി അയ്യപ്പഭക്തര്‍ക്കായി സൗജന്യ ഹെല്പ് ഡെസ്കും ഭക്ഷണവിതരണവും നടത്തിവരികയാണ് ഇദ്ദേഹം.
ശബരിമല മണ്ഡലകാലമെത്തിയാല് നഹാസ് പത്തനംതിട്ട പിന്നെ തിരക്കിലാണ്. ശബരിമല തീര്‍ഥാടകര്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം നഹാസിന്റെയും പ്രശ്നങ്ങളാണ്. അതിനൊരു പരിഹാരം കാണുന്നതുവരെ പിന്നെ അക്ഷീണ പരിശ്രമം.
2015ലാണ് നഹാസിന്റെയും കൂട്ടരുടെയും തുടക്കം. ഭാഷയറിയാതെ ബുദ്ധിമുട്ടുന്നവരെയും ഭക്ഷണവും മരുന്നും തേടി അലയുന്നവരെയും കണ്ടപ്പോള്‍ ആശ്വാസമേകണമെന്ന് തോന്നി തുടങ്ങിയതാണ്. കൂടുതല്‍ അയ്യപ്പഭക്തര്‍ക്ക് സേവനം ഉറപ്പാക്കാന്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ നഗരത്തില്‍ ഹെല്പ് ഡെസ്കിനൊപ്പം ഭക്ഷണവിതരണവും ആരംഭിച്ചു. പലയിടങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ ഫുഡ് ട്രക്ക് വരെയുണ്ട്. 11 വര്‍ഷത്തിനിടെ പ്രതിസന്ധികള്‍ പലതുമുണ്ടായപ്പോഴും സേവനം മുടക്കിയില്ലെന്ന് നഹാസ് ഓര്‍ക്കുന്നു.
പേര് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നി അടുത്തുവരുന്നവരെല്ലാം പിന്നീട് സൗഹൃദം സൂക്ഷിക്കാറുണ്ടെന്ന് നഹാസ്. ഈ വര്‍ഷത്തെ ഹെല്പ് ഡെസ്ക് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസിന്റെയും സുമനസ്സുകളുടെയും കൂട്ടായ്മയിലാണ് അന്നദാനം മുന്നോട്ട് പോകുന്നത്. രാഷ്ട്രീയത്തിനും ജാതിമതഭേദങ്ങള്ക്കും അതീതമാണ് മനുഷ്യസ്നേഹമെന്ന് തെളിക്കുകയാണ് നഹാസും കൂട്ടരും.