ഇടുക്കി ചിന്നക്കനാലിൽ സ്വകാര്യ കമ്പനി കൈവശം വെച്ചിരുന്ന സർക്കാർ ഭൂമി ഏറ്റെടുത്ത് വനംവകുപ്പ്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള 40 ഹെക്ടറിലധികം ഭൂമിയാണ് ഏറ്റെടുത്തത്.
വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായ 42.73 ഹെക്ടർ ഭൂമിയാണ് ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്നും വനംവകുപ്പ് തിരിച്ചുപിടിച്ചത്. 1975 ൽ കമ്പനിയിൽനിന്ന് വനംവകുപ്പ് 210. 89 ഹെക്ടർ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ കമ്പനി ഹൈക്കോടതിയെ സമീപിച്ചതോടെ 168.72 ഹെക്ടർ കമ്പനിക്ക് തന്നെ തിരികെ നൽകാൻ വിധിച്ചു. ബാക്കിയുള്ള 42.72 ഹെക്ടർ സർക്കാരിന് ഏറ്റെടുക്കാമെന്നായിരുന്നു വിധി. 2001ൽ റിസർവയി പ്രഖ്യാപിച്ചെങ്കിലും ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നടപടിയെടുത്തിരുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒടുക്കം സ്ഥലം ഏറ്റെടുത്തത്.
സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെന്റ് ക്യാമ്പിങ് നടത്തി വന്നതും ഇവിടെയാണ്. സർക്കാരിന്റെയും കമ്പനിയുടെയും ഉദ്യോഗസ്ഥർ നടത്തിയ സർവേ പൂർത്തിയാക്കിയ ശേഷം തിരിച്ചുപിടിച്ച ഭൂമി പട്ടയത്തിൽ നിന്ന് കുറവ് ചെയ്തു. ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്