ഇടുക്കി ചെറുതോണിയിലെ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ ഹോട്ടൽ കെട്ടിടം കാട് കയറി നശിക്കുന്നു. ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ അടച്ചുപൂട്ടി ഒരു വർഷം കഴിഞ്ഞിട്ടും പുതിയ ടെൻഡർ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്.
ഇടുക്കി മെഡിക്കൽ കോളജിന് തൊട്ടടുത്ത്, വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ആശ്രയമായിരുന്ന ഡിടിപിസി ഹോട്ടലാണ് നശിക്കുന്നത്. അഞ്ച് വർഷത്തെ സ്വകാര്യ വ്യക്തിയുടെ കരാർ കാലാവധി കഴിഞ്ഞതോടെയാണ് കെട്ടിടത്തിന് കഷ്ടകാലം തുടങ്ങിയത്. തുടർന്ന് നടന്ന ടെൻഡറിൽ ഒൻപതുലക്ഷത്തിലധികം രൂപയ്ക്ക് വനിതാ സംരംഭക കരാർ ഉറപ്പിച്ചു. എന്നാൽ അപ്രതീക്ഷിതമായി ഡി.ടി.പി.സി ടെൻഡർ റദ്ദാക്കിയതോടെ പ്രതിസന്ധി കോടതി കയറി. ലക്ഷങ്ങൾ കടംവാങ്ങി ഉപകരണങ്ങൾ വാങ്ങിയ സംരംഭക ഇതോടെ പ്രതിസന്ധിയിലായി.
കോടതി സ്റ്റേ നിലനിൽക്കുന്നതിനാൽ പുതിയ ടെൻഡർ നടപടികളും വഴിമുട്ടി. ഒരു കോടിയിലധികം രൂപ മുടക്കി നിർമ്മിച്ച കെട്ടിടം ചിതലെടുത്ത് നശിക്കുകയാണ്. ചുറ്റും കാടുകയറിയതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. പാർക്കിങ് സൗകര്യം കുറവുള്ള ചെറുതോണിയിൽ 100 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഹോട്ടൽ തുറക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം