ഇടുക്കി മൈലാടുംപാറയിൽ കടുവ കുഴിയിൽ വീണു. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്. കടുവായോടൊപ്പം നായയും കുഴിയിൽ വീണിട്ടുണ്ട്. കേരള തമിഴ്നാട് അതിർത്തിയിലാണ് ഏലത്തോട്ടം. തമിഴ്നാട് വനമേഖലയിൽ നിന്ന് കടുവ ജനവാസ മേഖലയിലേക്ക് എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് സംഘം സ്ഥലത്തെത്തി ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് കുഴി മൂടി. കടുവയെ മയക്കു വെടി വെച്ചു. ഇനി കൂട്ടിലാക്കി തേക്കടിയിലേക്ക് കൊണ്ടുപോകും.
നായയെ വേട്ടയാടുന്നതിനിടെയാണ് കടുവ കുഴിയില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം. മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു.
ഇടുക്കിയില്‍ കടുവകള്‍ ജനവാസമേഖലയിലിറങ്ങുന്നത് സാധാരണ സംഭവമായിക്കഴിഞ്ഞു. മാര്‍ച്ചില്‍ വണ്ടിപെരിയാറില്‍ പശുവിനെയും നായയെയും കടുവ കൊന്നിരുന്നു. ഗ്രാമ്പിയില്‍ കടുവയെ കൂട് വച്ച് വനപാലക സംഘം കാത്തിരിക്കുകയും ചെയ്തിരുന്നു.