ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞു കയറി അപകടം. രണ്ടു കുട്ടികൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. സ്വാമി അയ്യപ്പൻ റോഡിലാണ് അപകടം ഉണ്ടായത്. ഇടുക്കി സ്വദേശി രാധാകൃഷ്ണൻ, തമിഴ്നാട് വിഴുപ്പുറം സ്വദേശികളായ വീരമണി, ആനന്ദവേൽ, ആന്ധ്രാ സ്വദേശികളായ വീരറെഢി, 10വയസുള്ള ധ്രുവൻ റെഢി, നിധീഷ് റെഢി, സുനിത, ത്വൽസമ്മ എന്നിവർക്കാണ് പരുക്കേറ്റത്.
സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് മാലിന്യമായി പോയ ട്രാക്ടർ ആണ് ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തർക്കിടയിലേക്ക് ഇടിച്ചു കയറിയത്. 5 ആന്ധ്ര സ്വദേശികൾ, രണ്ട് തമിഴ്നാട് സ്വദേശി, ഒരു മലയാളി ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു. സന്നിധാനം ആശുപത്രിയിൽ പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ നൽകി. അമിതവേഗതയിലാണ് ട്രാക്ടർ എത്തിയതെന്ന് പരിക്കേറ്റവർ പറഞ്ഞു.
ഇടുക്കി സ്വദേശിയായ 69 കാരൻ രാധാകൃഷ്ണന്റെയും തമിഴ്നാട് സ്വദേശി വീരമണിയുടെയും നില അതീവ ഗുരുതരമാണ്. പമ്പ ആശുപത്രിയിലേക്ക് മാറ്റിയ രാധാകൃഷ്ണനെയും വീരമണിയെയും വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ട, കോട്ടയം എന്നീ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി. അപകട സാഹചര്യം അന്വേഷിച്ചു വരുന്നതായി സന്നിധാനം സ്പെഷ്യൽ ഓഫീസർ പറഞ്ഞു. ട്രാക്ടർ ഓടിച്ച ഡ്രൈവറെ സന്നിധാനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.