നാലുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി എറണാകുളം ജില്ലയിലെ ഡിജിറ്റൽ റീ - സർവ്വേ കരാർ ജീവനക്കാർ. ശമ്പള കുടിശ്ശിക മുഴുവൻ അനുവദിക്കുന്നതുവരെ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ.
മാർച്ച് മാസം മുതൽ ശമ്പളം ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലാണ് ജില്ലയിലെ ഡിജിറ്റൽ റീ - സർവ്വേ കരാർ ജീവനക്കാർ. ശമ്പള കുടിശ്ശിക മുഴുവൻ അനുവദിക്കുക, ജോലി സമയത്തിൽ കൃത്യത വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കഴിഞ്ഞ 4മാസമായി അധികൃതർ കയ്യൊഴിയുകയാണെന്ന് ജീവനക്കാർ പറയുന്നു.
ജോലിക്ക് വരാൻ ബസ് കൂലിക്ക് പോലും കാശില്ലാതെ വന്നതോടെയാണ് സമരത്തിനിറങ്ങാൻ ജീവനക്കാർ നിർബന്ധിതരായത്. പരാതികളും നിവേദനങ്ങളും അധികാരികൾക്ക് മുന്നിൽ എത്തിച്ചിട്ടും ഇതുവരെ മറുപടി ഒന്നും ലഭിക്കാത്തതിന്റെ ആശങ്കയിലാണ് ഇവർ. ഇന്ന് കളക്ടറുമായി നേരിട്ട് യോഗം ചേർന്നിട്ടും വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.