CPM Protest in Ernakulam

TOPICS COVERED

ഭരണം തുടങ്ങി മൂന്നാം നാള്‍ വി.ഡി.സതീശന്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ ജില്ലയില്‍ തന്നെ സമരത്തിന് തുടക്കമിട്ട് സി.പി.എം. എറണാകുളം മലയിടംതുരുത്തിൽ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ സമരം സി.പി.എം ഏറ്റെടുത്തു. ഹണിമൂണ്‍ കാലത്ത് സര്‍ക്കാരിനെതിരെ സമരം തുടങ്ങേണ്ട സ്ഥിതിയിലേക്ക് എത്തിക്കുകയായിരുന്നെന്നാണ് സമരം ഉദ്ഘാടനം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് പറ‍ഞ്ഞത്

കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരായ പ്രതിഷേധം സി.പി.എം ഏറ്റെടുത്തതോടെ സമരം കൂടുതൽ ശക്തമാവുകയാണ്. ഉന്നതിയിൽ എത്തിയ പി.രാജീവ് കുടുംബാംഗങ്ങളെ സന്ദർശിച്ചു. ജനിച്ചു വളർന്ന മണ്ണിൽ നിന്ന് പടിയിറങ്ങേണ്ടി വരുമോ എന്ന ഭീതിയിൽ കഴിയുന്ന കുടുംബാംഗങ്ങൾ ഓരോരുത്തരും തങ്ങളുടെ വേദന കണ്ണീരോടെ വിവരിച്ചു.

മുഴുവൻ പുറമ്പോക്ക് ഭൂമിയുടെയും സർവേ നടപടി ഇടത് സർക്കാർ തുടങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇത്തരം ഒരു പൊലീസ് നടപടി ആരും പ്രതീക്ഷിച്ചില്ലെന്നും പി. രാജീവ്‌. ഇന്നലത്തെ സംഘർഷത്തിൽ ആലുവ എസ്.പി ഇന്ന് ഐജിക്ക് റിപ്പോർട്ട് നൽകി. 

സുപ്രീംകോടതി വിധി നടപ്പിലാക്കാൻ മാത്രമാണ് പൊലീസും അധികൃതരും ശ്രമിച്ചതെന്നും, പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.