Asha Workers  Salary Hike

ആശമാരുടെ ആശയായിരുന്ന വേതന വർധന നടപ്പാക്കിയ സർക്കാർ ഇടപെടലിന് നന്ദി പറഞ്ഞ് പായസ മധുരം. യു.ഡി.എഫ് സർക്കാർ ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശമാർക്ക് മൂവായിരം വീതം ഓണറേറിയം കൂട്ടിയതിലെ സന്തോഷം സെക്രട്ടേറിയറ്റിന് മുന്നിൽ പായസം വിതരണം ചെയ്താണ് ആശമാർ ആഘോഷിച്ചത്. 266 ദിവസത്തെ അവകാശ പോരാട്ടങ്ങൾക്കിടെ നേരത്തെ പിന്തുണയുമായെത്തിയ ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും ആഘോഷത്തിന്റെ ഭാഗമായി.

മഴയും വെയിലും അതിജീവിച്ച്, പൊലീസ് അഴിച്ചുമാറ്റിയ ടാർപോളിന് കീഴിൽ മഴ നനഞ്ഞും, രോഗങ്ങളെ അതിജീവിച്ചും നേടിയെടുത്ത അവകാശ പോരാട്ടത്തിന്റെ മധുരമാണ്. അന്നത്തെ പ്രതിപക്ഷ നേതാവ് പിന്നീട് മുഖ്യമന്ത്രിയായപ്പോൾ വാക്ക് പാലിച്ചതിന്റെ സന്തോഷമാണ്.

ആശമാരുടെ ആവലാതി മന്ത്രിയുടെ മുന്നിൽ പറഞ്ഞതിന്റെ പേരിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി നഷ്ടമായ പ്രേംകുമാറായിരുന്നു ഉദ്ഘാടകൻ. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുത്തു.

ആവശ്യങ്ങളിൽ പൂർണ പരിഹാരമുണ്ടായില്ലെന്ന് ആശമാർക്കും ബോധ്യമുണ്ടെങ്കിലും നിരന്തരം അവഗണിച്ച് തള്ളിപ്പറഞ്ഞവർക്ക് മുന്നിൽ തലയെടുപ്പോടെ മടങ്ങാമെന്ന പ്രതീക്ഷയിലാണ് അവർ വീണ്ടും ഒത്തുചേർന്നത്. ഒരുകാലത്ത് മുദ്രാവാക്യം വിളിയുമായി തുടർന്ന അതേ സെക്രട്ടറിയേറ്റിന് മുന്നിൽ.