West Bengal Mandates Vande Mataram

ബംഗാളില്‍ മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി സുവേന്ദു അധികാരി സര്‍ക്കാര്‍. ക്ലാസുകള്‍ തുടങ്ങും മുന്‍പ് ദേശീയ ഗീതം ആലപിക്കണം എന്ന് ഡയരക്ടറേറ്റ് ഓഫ് മദ്രസ എഡ്യുക്കേഷന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. മുസ്‌ലിം സംഘടനകളില്‍ നിന്ന് ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ട്. സ്കൂളുകളില്‍ നേരത്തെ വന്ദേമാതരം നിര്‍ബന്ധമാക്കിയിരുന്നു.

ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെയും മദ്രസ വിദ്യാഭ്യാസ വകുപ്പിന്‍റെയും കീഴിലുള്ള എല്ലാ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമായി ആലപിക്കണം എന്നാണ് ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്.

മതപരമായ കാരണങ്ങളാല്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുന്നതിനെ വിവിധ മുസ്‍ലിം സംഘടനകള്‍ എതിര്‍ക്കുന്നതിനിടെയാണ് സുവേന്ദു സര്‍ക്കാരിന്‍റെ തീരുമാനം. നേരത്തെ സ്കൂളുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു.  അധികാരമേറ്റ് രണ്ടാഴ്ച പിന്നിടും മുന്‍പ് ബംഗാള്‍ സര്‍ക്കാര്‍ കൈക്കൊണ്ട മൂന്നാമത്തെ വിവാദ തീരുമാനമാണ് മദ്രസകളിലെ വന്ദേമാതരം നിര്‍ബന്ധമാക്കല്‍.

ഈദ് അടുത്തിരിക്കെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ബീഫ് വേണമെങ്കില്‍ നിരോധിക്കാം എന്നാല്‍ മൃഗബലി തടയാനാവില്ലെന്നും ആചാരം തുടരുമെന്നും എജെയുപി നേതാവ് ഹുമയൂണ്‍ കബീര്‍ പറഞ്ഞു.