swasika-viral

സിനിമയിലെ തുടക്കകാലത്ത് തനിക്കുണ്ടായ മോശം അനുഭവങ്ങളും തട്ടിപ്പുകളും തുറന്നുപറഞ്ഞ് നടി സ്വാസിക. ഒരുപാട് ഫേക്ക് ഓഡിഷനുകളിൽ പങ്കെടുത്ത് പറ്റിക്കപ്പെട്ടിരുന്നുവെന്ന് പറഞ്ഞ താരം പ്രശസ്ത തമിഴ് സംവിധായകൻ എ.ആർ മുരുഗദോസിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപയും അമ്മയുടെ സ്വർണവും വാങ്ങി ചിലർ തങ്ങളെ പറ്റിച്ചതായി വെളിപ്പെടുത്തി. ജെഎഫ്ഡബ്ല്യുവിന് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നു പറച്ചില്‍. 

പണവും സ്വര്‍ണം നല്‍കിയിട്ടും അന്ന് മുരുഗദോസിനെ കാണാന്‍ സാധിച്ചില്ലെന്നും എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സ്റ്റേജില്‍ വച്ച് തന്‍റെ അഭിനയം കൊള്ളാമെന്ന് പറഞ്ഞപ്പോള്‍ അഭിമാനം തോന്നിയെന്നും താരം പറയുന്നു. 

സ്വാസികയുടെ വാക്കുകളിങ്ങനെ,  'പതിനാറ്, പതിനേഴ് വയസില്‍ തുടങ്ങിയതാണ് സിനിമയിലേക്കുള്ള യാത്ര. ആ പ്രായത്തില്‍ ഇതെല്ലാം മനസിലാക്കാനുള്ള പക്വത ഇല്ലായിരുന്നു. ആദ്യത്തെ തമിഴ് സിനിമയുടെ ഓഡിഷന് പങ്കെടുത്തപ്പോള്‍ തന്നെ സെലക്ട് ആയി, സിനിമയും റിലീസ് ആയി. ഒരുപാട് സന്തോഷം തോന്നി. പക്ഷേ ഞാന്‍ വിചാരിച്ച പോലെ സിനിമ ഹിറ്റായില്ല, ആരും എന്നെ തിരിച്ചറി‍ഞ്ഞില്ല, അതൊക്കെ എനിക്ക് ഭയങ്കര വിഷമം ആയി. ഡിപ്രഷനിലേക്ക് പോയ സമയമാണത്. കാരണം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച്, എല്ലാവരോടും വഴക്കിട്ടാണ് അമ്മയും ഞാനും ചെന്നൈയിലേക്ക് വന്നത്. അച്ഛന് ഞാന്‍ അഭിനയിക്കുന്നതില്‍ അന്ന് താത്പര്യമില്ലായിരുന്നു.

ഒരുപാട് മാനേജര്‍മാര്‍ എന്നെ പറ്റിച്ചിട്ടുണ്ട്. ഒരുപാട് സംവിധായകരെ പരിചയപ്പെടുത്താം എന്നുപറഞ്ഞതല്ലാതെ ആരെയും കാണാന്‍ സാധിച്ചിട്ടില്ല. മുരുഗദോസ് സാറിനെ കാണാന്‍ പോകണം എന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ ചോദിച്ചു. അമ്മ അവിടെ വെച്ച് കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന സ്വർണം എല്ലാം ഊരി പണം സെറ്റാക്കി. എന്നാല്‍ മുരുഗദോസ് സാറിനെ കാണാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, തിരിഞ്ഞു നോക്കിയപ്പോള്‍ മാനേജരെയും കണ്ടില്ല. അങ്ങനെ തിരികെ നാട്ടിലെത്തി. 

പിന്നീട് നാട്ടിലെത്തി സീരിയലുകളില്‍ ശ്രദ്ധിച്ചു. ചെറിയ ചെറിയ വേഷങ്ങള്‍ സിനിമകളില്‍ ചെയ്തു. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കാണാന്‍ കാത്തിരുന്ന മുരുഗദോസ് സാര്‍ തന്നെ വന്ന് അഭിനയം കൊള്ളാമെന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. 

ENGLISH SUMMARY:

Popular Malayalam actress Swasika has opened up about the struggles, fake auditions, and financial scams she faced during the early days of her career in Chennai. In a recent interview with JFW, she revealed how a movie manager cheated her and her mother by promising a meeting with renowned Tamil director A.R. Murugadoss. Believing the fraudster, her mother handed over ₹1 lakh by pooling together her gold ornaments, only for the manager to disappear without arranging the meeting. Years later, after carving out her own space in television and cinema, Swasika shared the immense pride she felt when Director Murugadoss himself walked up to her on a stage and appreciated her acting skills.