Call centre at Pattom PSC office, Thiruvananthapuram on 08/08/2011. Photo by MANOJ CHEMANCHERI
പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയത് അറുപതിലേറെ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾക്ക് അനുഗ്രഹമാകും. കൂടുതൽ റാങ്ക് പട്ടികകളും കോളജ് അസിസ്റ്റന്‍റ് പ്രഫസർമാരുടേതാണ്. 25ന് ആണ് ഇനി പിഎസ്‌സി യോഗം ചേരുക. അതിനുമുമ്പ് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാല്‍ അന്നുതന്നെ റാങ്ക് പട്ടികകള്‍ നീട്ടി വിജ്ഞാപനമാകും.
കോളജ് അധ്യാപക നിയമനം കാത്തിരിക്കുന്ന ഉന്നത ബിരുദധാരികള്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം വലിയതോതില്‍ ഗുണമാകുക. അവരുടെ ജീവിതം തന്നെ മാറിമറിയും. സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, മ്യൂസിക്, സൈക്കോളജി, ഫിലോസഫി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മലയാളം, സുവോളജി തുടങ്ങിയ അസിസ്റ്റന്‍റ് പ്രഫസർ റാങ്ക് പട്ടികകളുടെ കാലാവധി നവംബർ 30 വരെ ഉണ്ടാകും. ഇവയില്‍ പലതും ഓഗസ്റ്റ് 31ന് കാലാവധി തീരുന്നതായിരുന്നു.
എച്ച്എസ്എസ് ഇസ്‌ലാമിക് ഹിസ്റ്ററി, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ്, പൊലീസിൽ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്‍റ്, ഫിഷറീസ് അസിസ്റ്റന്‍റ്, കമ്പനി–ബോർഡ്–കോർപറേഷനിൽ എൽഡി ടൈപ്പിസ്റ്റ് തുടങ്ങിയവയാണു കാലാവധി നീട്ടലിന്‍റെ ഗുണം ലഭിക്കുന്ന സംസ്ഥാനതല പട്ടികകൾ.
എച്ച്എസ്ടി നാച്വറൽ സയൻസ്, ഇംഗ്ലിഷ്, മാത്‌സ്, ഡ്രോയിങ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തുടങ്ങിയ ജില്ലാതല പട്ടികകളുമുണ്ട്. ഒരാളെപ്പോലും നിയമിക്കാൻ കഴിയാതെ ഇസ്‌ലാമിക് ഹിസ്റ്ററി, ഉറുദു, തമിഴ് അസിസ്റ്റന്‍റ് പ്രഫസർ റാങ്ക് പട്ടികകളുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നു. അധ്യയന മണിക്കൂറുകൾ തെറ്റായി കണക്കു കൂട്ടിയതു കാരണം പല വിഷയങ്ങളിലും അസിസ്റ്റന്‍റ് പ്രഫസർമാരുടെ എണ്ണം കൂടുതലാണെന്നാണ് എൽഡിഎഫ് സർക്കാർ നിലപാടെടുത്തിരുന്നത്.
വി.ഡി. സതീശന്‍ നയിച്ച പുതുയുഗ യാത്രയിൽ തസ്തിക കണക്കുകൂട്ടൽ രീതി പുനഃപരിശോധിക്കണമെന്ന് ഒട്ടേറെ ഉദ്യോഗാർഥികൾ നിവേദനം നല്‍കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണു റാങ്ക് പട്ടികയുടെ കാലാവധി നീട്ടാനുള്ള തീരുമാനം. 25ന് ആണ് ഇനി പിഎസ്‌സി യോഗം ചേരുക. അതിനു മുൻപു മന്ത്രിസഭാ തീരുമാനത്തിന്‍റെ ശുപാർശ ലഭിച്ചാൽ കാലാവധി നീട്ടൽ അന്നത്തെ യോഗത്തിൽ തീരുമാനിക്കും.