വൈപ്പിൻ നിവാസികൾ കുടിനീരിനായി നെട്ടോട്ടമോടുമ്പോൾ, ജനങ്ങളുടെ ദാഹം തീർക്കാൻ നിർമ്മിച്ച കോടികളുടെ പദ്ധതികൾ അധികൃതരുടെ അനാസ്ഥയിൽ തുരുമ്പെടുക്കുന്നു. രണ്ടു വർഷം മുൻപ് ഉദ്ഘാടനം കഴിഞ്ഞ മുരുക്കുംപാടം, ഞാറക്കൽ ശുദ്ധജല ടാങ്കുകളാണ് പദ്ധതി പൂർത്തിയായിട്ടും ജനങ്ങൾക്ക് പ്രയോജനപ്പെടാതെ കിടക്കുന്നത്.
വൈപ്പിനിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് മുരുക്കുംപാടത്തും ഞാറക്കലിലുമായി ശുദ്ധജല ടാങ്കുകൾ നിർമ്മിച്ചത്. ആറു കോടിയോളം രൂപ ചിലവാക്കി, ആറു വർഷമെടുത്താണ് മുരുക്കുംപാടത്തെ ഈ ടാങ്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. രണ്ട് വർഷം മുൻപ് മന്ത്രി തന്നെ നേരിട്ടെത്തി ഉദ്ഘാടനം നിർവഹിച്ചെങ്കിലും, ഇതുവരെ ഈ ടാങ്കുകളിലൂടെ ഒരു തുള്ളി വെള്ളം പോലും വിതരണം ചെയ്തിട്ടില്ല. വർഷങ്ങൾ കാത്തിരുന്ന് പണിതീർത്ത ടാങ്കും പൈപ്പുകളും വെള്ളം കയറ്റാത്തതിനാൽ ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. അവഗണനക്കെതിരെ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ റീത്ത് വെച്ച് നാട്ടുകാർ പ്രതിഷേധിച്ചു. വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുവാനാണ് നാട്ടുകാരുടെ തീരുമാനം.