water-pipeline

TOPICS COVERED

പശ്ചിമ കൊച്ചിയിലേക്കുള്ള പ്രധാന ശുദ്ധജല പൈപ്പ് പൊട്ടിയതോടെ കൊച്ചിയിലെ ജനങ്ങൾ വെള്ളത്തിനായി അലയേണ്ടിവന്നത് അഞ്ച് ദിവസം. എട്ട് മണിക്കൂറിനുള്ളിൽ തകരാർ പരിഹരിക്കണമെന്ന കരാർ നിലനിൽക്കെയാണ് ദിവസങ്ങളോളം ജലവിതരണം മുടങ്ങിയത്. ഗുരുതരവീഴ്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തി. 

പശ്ചിമ കൊച്ചിയിലെ ആയിരക്കണക്കിന് കുടുംബങ്ങളെ  ദുരിതത്തിലാഴ്ത്തിയ പൈപ്പ് പൊട്ടൽ പരിഹരിക്കാൻ സ്വകാര്യ കമ്പനിക്ക് വേണ്ടിവന്നത് അഞ്ച് ദിവസം. പെരുമാനൂർ പമ്പ് ഹൗസിൽ നിന്ന് മട്ടാഞ്ചേരിയിലേക്ക് ശുദ്ധജലം എത്തിക്കുന്ന എഴുന്നൂറ് എംഎം പൈപ്പാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ ഷിപ്യാർഡ് ഗേറ്റിന് സമീപം പൊട്ടിയത്. ഇതോടെ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, പള്ളുരുത്തി, ഇടക്കൊച്ചി ഉൾപ്പെടെയുള്ള മേഖലകളിലെ ജലവിതരണം പൂർണമായി താറുമാറായി.

ജലവിതരണ ചുമതലയുള്ള സ്വകാര്യ കമ്പനിയായ സൂയസ് ഇന്റർനാഷണൽ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിച്ചത്.

എന്നാൽ സ്വകാര്യ കമ്പനിക്ക് നൽകിയ കരാർ പ്രകാരം എട്ട് മണിക്കൂറിനുള്ളിൽ ജലവിതരണം പുനഃസ്ഥാപിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇത് ലംഘിക്കപ്പെട്ടുവെന്ന ആരോപണമാണ് ഇപ്പോൾ ശക്തമാകുന്നത്. അഞ്ച് ദിവസം നീണ്ട തടസ്സം മൂലം വാട്ടർ അതോറിറ്റിക്ക് കുറഞ്ഞത് അമ്പത് ലക്ഷം രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ആലുവയിൽ നിന്നുള്ള പ്രധാന ലൈൻ അടച്ചതോടെ കളമശേരി മുതൽ ചേരാനല്ലൂർ, വൈപ്പിൻ മേഖലകളിലേക്കുള്ള ജലവിതരണത്തെയും ബാധിച്ചു. ആറ് വർഷം മുൻപ് ഇതേ പൈപ്പ് പൊട്ടിയപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ ജലവിതരണം പുനഃസ്ഥാപിച്ചിരുന്നു. നഗരത്തിലെ ജലവിതരണ ചുമതല 1114 കോടി രൂപയുടെ കരാറിലാണ് സ്വകാര്യ കമ്പനിയായ സൂയസ് ഇന്റർനാഷണലിന് പത്ത് വർഷത്തേക്ക് കൈമാറിയിരിക്കുന്നത്.

ENGLISH SUMMARY:

Kochi water crisis has left residents struggling for water for five days due to a major pipeline burst. This extended disruption occurred despite a contract stipulating repairs within eight hours, leading to calls for an investigation into the serious lapse