മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ കേസിലെ മുഖ്യ സൂത്രധാരൻ മാവേലിക്കര സ്വദേശി ബിലാൽപിടിയിൽ. മരട് പൊലീസാണ് ശ്രീകുമാർ എന്ന ബിലാലിനെ പിടികൂടിയത്. എറണാകുളം ജില്ലാ ആശുപത്രിയിലെ വൈദ്യ പരിശോധനകൾക്ക് ശേഷം പ്രതിയെ മരട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സ്ത്രീകൾ അടങ്ങിയ സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചത് ബിലാൽ ആണെന്നാണ് കണ്ടെത്തൽ. മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്ത മുഖ്യപ്രതി സിന്ധു ബിലാലിനെക്കുറിച്ച് മൊഴി നൽകിയിരുന്നു. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന താരങ്ങളിലേക്കും ഉടൻ അന്വേഷണം എത്തുമെന്ന് പൊലീസ് സൂചന നൽകി.
ബിലാലിന് പുറമെ മൂന്ന് പ്രതികളാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഒന്നാം പ്രതിയാണ് സിന്ധു. രണ്ടും മൂന്നും പ്രതികളായ അലീനയും മഞ്ജിമയും നിലവിൽ റിമാൻഡിലാണ്. സിന്ധുവിനെ ജൂണ്‍ നാല് വരെ റിമാന്‍ഡ് ചെയ്തു. സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമെന്നും കൂട്ടബലാല്‍സംഗത്തിന്റെ ദൃശ്യം പകര്‍ത്തിയത് സിന്ധുവാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
സിന്ധുവിന്റെ ഉടമസ്ഥതയില്‍ ദുബായിലുള്ള അലിസ ഇവന്‍റസ് എന്ന കമ്പനിയിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയെ ദുബായിലേക്ക് കൊണ്ടുപോയത്. ടിക്കറ്റിനും വിസയ്ക്കുമുള്ള പണമായി ഏതാണ്ട് 4.75 ലക്ഷം രൂപ പരാതിക്കാരി സിന്ധുവിന് നല്‍കിയിട്ടുണ്ട്. 2026 ഫെബ്രുവരി 20 തിനാണ് പരാതിക്കാരിയെ ദുബായിലേക്ക് കൊണ്ടുപോയത്. അപ്പാര്‍ട്ട്മെന്‍റിലെത്തിച്ച ശേഷം കോളയിൽ വെളുത്ത പൊടി കലക്കി നൽകി. അബോധാവസ്ഥയിലായ ശേഷം മറ്റ് പുരുഷന്മാരുടെ മുറിയിലേക്ക് കടത്തിവിടുകയായിരുന്നു എന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കൂട്ടബലാൽസംഘം നടന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം സിന്ധു ഇവ പരാതിക്കാരിയുടെ ഭർത്താവിന്റെ മൊബൈലിലേക്ക് അയച്ചു നൽകി എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.