മോഡലിങ്ങിന്‍റെ മറവിലുള്ള പീ‍ഡനത്തില്‍ സിന്ധു എന്ന മുഖ്യപ്രതി നടത്തിയ കാര്യങ്ങളിലാണ് പ്രധാനമായും അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. പ്രധാനകണ്ണിയില്‍‌ നിന്ന് കൂടുതല്‍ പേരിലേക്കാണ് പൊലീസ് ഇപ്പോള്‍ നീങ്ങുന്നത്. 

മോഡലിങ്ങിന്‍റെ മറവിൽ മനുഷ്യക്കടത്തും കൂട്ട ബലാൽസംഗവും നടത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പീഡന കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്കും നീങ്ങിയത് കൊച്ചി സിറ്റി കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചത് കഴിഞ്ഞദിവസമാണ്. കേസില്‍ പിടിയിലായ മൂന്ന് പേരില്‍ സ്റ്റോയ്സി സിന്ധുവാണ് മുഖ്യപ്രതിയെന്നും സ്റ്റോയ്സി ആണ് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നതെന്നും അന്വേഷണസംഘത്തിന് ആദ്യഘട്ടം മുതല്‍ തന്നെ മനസിലായിരുന്നു. മനുഷ്യക്കച്ചവട റാക്കറ്റ് കൊണ്ടുപോയ ചില്ലര്‍ കൊല്ലപ്പെടാനുള്ള സാധ്യതകളുണ്ടെന്ന് പരാതിക്കാരികള്‍ പറ‍ഞ്ഞതിന്റെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യപ്രതി സ്റ്റോയ്സി സിന്ധു വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെയാണ് മുംബൈ വിമാനത്താവളത്തില്‍വച്ച് പിടിയിലാകുന്നത്. ഇന്നലെ വൈകിട്ടോടെയാണ് മുംബൈയില്‍ നിന്ന് കൊച്ചിയില്‍ എത്തിക്കുന്നത്. 

നിരവധി പെണ്‍കുട്ടികളെ സിന്ധു അപായപ്പെടുത്തിയിരിക്കാം എന്ന സൂചന കഴിഞ്ഞ ദിവസങ്ങളിലെ അന്വേഷണത്തിനിടെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഇന്ന് പുറത്തുവന്നിരിക്കുന്നത് സിന്ധുവിന്റെ ഇടപാടുകളുടെ കൂടുതല്‍ രേഖകളാണ്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു ഇടപാടുകാര്‍ക്ക് അയച്ചുകൊടുത്തതിന്റെ രേഖകള്‍. ഇതിന്റെ സ്ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് 25,000 രൂപയാണ് റാക്കറ്റിന് ലഭിച്ചതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. സ്റ്റോയ്‌സിയുടെ വാട്സാപ്പ് ചാറ്റിലൂടെ കാര്യം എത്ര ഗൗരവതരമാണെന്ന് മനസിലാക്കാന്‍ സാധിക്കും.

പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചു നൽകും. ഇതിന് പിന്നാലെ തുക പറഞ്ഞ് ഓരോരുത്തരുമായി ഡീൽ ഉറപ്പിക്കും. വിദേശത്തെ വമ്പന്മാര്‍ ഇതിന് പുറകെ ഉണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് 25,000 രൂപയാണ് സിന്ധുവും അലീനയും അടങ്ങുന്ന സെക്സ് റാക്കറ്റിന് ലഭിച്ചിരുന്നത്. ദുബായിലെത്തിച്ച ഉടന്‍ പെണ്‍കുട്ടികളെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. ലഹരി, വെള്ളത്തില്‍ കലര്‍ത്തി നല്‍കി അടക്കം ബോധരഹിതരാക്കും, എന്നിട്ട് കൂട്ടബലാല്‍സംഗം ചെയ്യും. ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി പിന്നീട് ബ്ലാക്ക് മെയിൽ ചെയ്ത് വീണ്ടും പീഡിപ്പിക്കും, ഇതാണ് ഈ സംഘത്തിന്റെ രീതി. പരാതിക്കാരിയും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍‌ തന്നെയാണ് അന്വേഷണസംഘത്തിന് മുന്‍പേ പറഞ്ഞിരിക്കുന്നത്. ഒരു മാസമാണ് ഈ റാക്കറ്റിന്റെ കയ്യില്‍ പരാതിക്കാരി അകപ്പെട്ടത്. പിന്നീട് ബന്ധുവിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുന്നത്. കേസിൽ നേരത്തെ റിമാന്‍ഡിലായ  അലീന, മഞ്ജിമ എന്നീ പ്രതികൾക്കൊപ്പം പ്രതി സിന്ധുവിനെയും ജൂണ്‍ നാല് വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് സിന്ധു കോടതിയെ അറിയിച്ചത്.  സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൂട്ടബലാല്‍സംഗത്തിന്റെ ദൃശ്യം പകര്‍ത്തിയത് സിന്ധുവാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സിന്ധു മറ്റുപ്രതികള്‍ക്ക് പണം നല്‍കിയതിനും തെളിവുണ്ട്.

ENGLISH SUMMARY:

Modeling exploitation and human trafficking have been uncovered, with key suspect Stoyce Sindhu arrested. Shocking details are emerging about the gang rape and exploitation orchestrated by the modeling racket