ഇന്ത്യൻ ജനസംഖ്യയുടെ 16 മുതൽ 32 ശതമാനം വരെ ആളുകൾ ഫാറ്റി ലിവറുള്ളവരാണ് . അതായത് ഏതാണ്ട് 12 കോടിയോളം ഇന്ത്യക്കാരെ ഈ രോഗം ബാധിച്ചിരിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ICMR) ഈ ഞെട്ടിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് ഫാറ്റി ലിവർ ഇന്ന് രാജ്യത്ത് വലിയൊരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു എന്നാണ്. ഇത് ആളുകളെ അവരുടെ ഭക്ഷണരീതികളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ നമ്മുടെ അടുക്കളകളില്‍ തന്നെയുള്ള ചില പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ഫാറ്റി ലിവറിന്‍റെ ഭാഗമായി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അഡ്വാൻസസ് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ജീരകവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾക്ക് ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ കഴിവുണ്ട്. ഇത്തരം ഹെർബൽ ചികിത്സകൾ കരളിലെ എൻസൈമുകളുടെയും ലിപ്പിഡ് പ്രൊഫൈലിന്റെയും പ്രവർത്തനം മെച്ചപ്പെടുത്താനും ഫാറ്റി ലിവർ രോഗം കൂടുന്നത് തടയാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ജീരകവെള്ളത്തിന് ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ കഴിയുമോ?
ജീരകത്തിൽ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങൾ ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ ഏറെ ഫലപ്രദമാണ്. രാവിലെ വെറുംവയറ്റിൽ ജീരകവെള്ളം കുടിക്കുമ്പോഴാണ് ഇതിന്‍റെ ഗുണങ്ങൾ പൂർണമായി ശരീരത്തിന് ലഭിക്കുന്നത്. ജീരകവെള്ളം പിത്തരസത്തിന്‍റെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുമൂലം ദഹനം സുഗമമാക്കാനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കും.
എന്തൊക്കെയാണ് ജീരകത്തിന്‍റെ പ്രത്യേകതകള്‍
1. ദഹനം മെച്ചപ്പെടുത്തുന്നു
ജീരകം ശരീരത്തിലെ ദഹന എൻസൈമുകളുടെ പ്രവർത്തനം വേഗത്തിലാക്കുന്നു. ഇത് കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ ഫലപ്രദമായി ദഹിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നു. ദഹന എൻസൈമുകൾ ഉത്തേജിപ്പിക്കപ്പെടുന്നത് വഴി കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുകയും വയർ വീർക്കൽ, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ കുറയുകയും ചെയ്യുന്നു.
2. മെറ്റബോളിസത്തെ സഹായിക്കുന്നു
അനൽസ് ഓഫ് ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ജീരകവെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഇത് ശരീരഭാരവും കൊഴുപ്പും കുറയ്ക്കാനും ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
3. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നം
കോശങ്ങളുടെ വാർദ്ധക്യത്തിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ ജീരകത്തിലെ ഘടകങ്ങൾ സഹായിക്കുന്നു. ഇത് മെറ്റബോളിക് സിൻഡ്രോം ലക്ഷണങ്ങളെ മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത കൂട്ടുകയും ചെയ്യുന്നു.
4. കൊഴുപ്പ് കുറയ്ക്കുന്നു
ജീരകവെള്ളം കുടിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും കൊഴുപ്പിന്‍റെ സംസ്കരണ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും. 3 മാസത്തേക്ക് ദിവസവും 3 ഗ്രാം ജീരകം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, കൊളസ്ട്രോൾ നില മെച്ചപ്പെടുത്താനും, അരക്കെട്ടിലെ വണ്ണം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
എന്തുകൊണ്ട് വെറുംവയറ്റിൽ കുടിക്കണം?
വെറുംവയറ്റിൽ ജീരകവെള്ളം കുടിക്കുമ്പോൾ അതിലെ ഗുണകരമായ ഘടകങ്ങൾ ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. എന്നാൽ ഇതിന്റെ അളവ് അമിതമാകരുത്, കാരണം അമിതമായാൽ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ ശരീരം നന്നായി ആഗിരണം ചെയ്യുന്നു, രാവിലെ തന്നെ മെറ്റബോളിസം ഉണർത്താൻ സഹായിക്കുന്നു, കുടലും കരളും തമ്മിലുള്ള ബന്ധത്തെ പിന്തുണയ്ക്കുന്നു എന്നതൊക്കെയാണ് വെറുംവയറ്റിൽ കുടിക്കുന്നത് കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ.
എങ്ങനെ തയാറാക്കണം
ഒരു ടീസ്പൂൺ ജീരകം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വെക്കുകയോ അല്ലെങ്കിൽ വെള്ളത്തിലിട്ട് തിളപ്പിക്കുകയോ ചെയ്യുക. രാവിലെ ഇത് നേരിയ ചൂടോടെ കുടിക്കുക (പെട്ടെന്ന് തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല). ഇതിൽ പഞ്ചസാര ചേർക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക, കാരണം പഞ്ചസാര ചേർത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും ജീരകവെള്ളത്തിന്‍റെ ഗുണം നഷ്ടപ്പെടുകയും ചെയ്യും.
അറിഞ്ഞിരിക്കേണ്ട പാർശ്വഫലങ്ങൾ
ജീരകവെള്ളം ഒരു പ്രകൃതിദത്ത ഔഷധമാണെങ്കിലും അമിതമായാൽ ചില പാർശ്വഫലങ്ങൾ ഉണ്ടായേക്കാം.അളവ് കൂടിയാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാം. ഗർഭിണികളും ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) ഉള്ളവരും ജീരകവെള്ളം കുടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം. ഇത് മെഡിക്കൽ ചികിത്സയ്ക്ക് പകരമല്ല. ഫാറ്റി ലിവറിന്‍റെ പ്രാരംഭ ഘട്ടത്തിൽ (Grade 1) മാത്രമാണ് ജീരകവെള്ളം ഫലപ്രദമാകുന്നത്. അതും കൃത്യമായ മെഡിക്കൽ ചികിത്സയോടൊപ്പം മാത്രം.
ഫാറ്റി ലിവർ സാധ്യത കുറയ്ക്കാനുള്ള മറ്റ് വഴികൾ
കരളിലെ കേടുപാടുകൾ തീർക്കാൻ ശരീരത്തെ സഹായിക്കുന്ന ആരോഗ്യകരമായ ഒരു ജീവിതശൈലി നാം സ്വീകരിക്കേണ്ടതുണ്ട്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശുദ്ധീകരിച്ച പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റുകളുടെയും ഉപയോഗം കുറയ്ക്കുക, മെറ്റബോളിസം വർദ്ധിപ്പിക്കാൻ ദിവസവും വ്യായാമം ചെയ്യുക, ശരീരഭാരം നിയന്ത്രിച്ചു നിർത്തുക, ഇത് കരളിന്റെ ആയാസം കുറയ്ക്കും, മദ്യപാനം പൂർണ്ണമായും ഒഴിവാക്കുക, കാരണം മദ്യം കരളിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
ഓർക്കുക, ജീരകവെള്ളം കുടിക്കുന്നത് ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള ഒരു പിന്തുണ മാത്രമാണ്, ഇതൊരു പൂർണ്ണമായ രോഗശമന മാർഗ്ഗമല്ല. അതിനാൽ ജീരകവെള്ളം നിങ്ങളുടെ ശീലമാക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.