കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ 1.7 കോടിയിലധികം (17 ദശലക്ഷം) ജലജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഞെട്ടിക്കുന്ന കണക്കുകള്‍. 2021നും 2025നും ഇടയിൽ ഐ.ഡി.എസ്.പി (ഇന്റഗ്രേറ്റഡ് ഡിസീസ് സർവെയ്ലൻസ് പ്രോഗ്രാം), ഐ.ഡി.എസ്.പി-ഐ.എച്ച്.ഐ.പി (ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോം) എന്നീ നിരീക്ഷണ സംവിധാനങ്ങൾ വഴിയാണ് രാജ്യത്ത് ജലജന്യരോഗങ്ങളുടെ ആഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കടുത്ത വയറിളക്കം, കോളറ, എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ഇ, ടൈഫോയിഡ് എന്നിവയാണ് ഇവയില്‍ പ്രധാനമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ശുദ്ധജലത്തിന്‍റെ ഗുണനിലവാരത്തിലേക്കും ശുചിത്വവുമായി ബന്ധപ്പെട്ട ആരോഗ്യ വെല്ലുവിളികളിലേക്കുമാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.
1. വയറിളക്കം (Diarrhoea)
എല്ലാ വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വയറിളക്ക രോഗങ്ങളാണ്. 2021-ൽ മാത്രം ഇന്ത്യയിൽ 6,015,506 കേസുകൾ രേഖപ്പെടുത്തി. ഈ അഞ്ച് വർഷത്തെ കാലയളവിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്. 2025 ആയപ്പോഴേക്കും റിപ്പോർട്ട് ചെയ്യപ്പെട്ട വയറിളക്ക കേസുകൾ 2,351,962 ആയി കുറഞ്ഞു. 2021-ൽ പശ്ചിമ ബംഗാളിൽ 2,059,927 കേസുകൾ റിപ്പോർട്ട് ചെയ്തു ഇത് ഏതൊരു സംസ്ഥാനത്തെയും അപേക്ഷിച്ച് ഏറ്റവും ഉയർന്നതാണ്. ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം എന്നിവയും വയറിളക്കം കൂടുതലായി കാണപ്പെടുന്ന മറ്റ് പ്രധാന സംസ്ഥാനങ്ങളാണ്. ലൂസ് ആയതോ വെള്ളം പോലെയുള്ളതോ ആയ മലവിസർജ്ജനമാണ് വയറിളക്കത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം.വയർ വീർക്കൽ അല്ലെങ്കിൽ വയറുവേദന, ഓക്കാനം എന്നീ ലക്ഷണങ്ങളും പ്രകടമാകാം. ഈ ലക്ഷണങ്ങള്‍ ദിവസങ്ങളായി നീണ്ടുനില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. പനി, കഠിനമായ വേദന, ഛര്‍ദി, മലത്തിൽ രക്തമോ കഫമോ കാണപ്പെടുക, ശരീരഭാരം കുറയുക, തലവേദന, ചർമ്മം വരണ്ട് ചുവക്കുക, മൂത്രത്തിന്‍റെ നിറം ഇരുളുക, മൂത്രത്തിന്റെ അളവ് കുറയുക അല്ലെങ്കിൽ മൂത്രം തീരെ ഇല്ലാതാവുക എന്നിവയൊക്കെ കടുത്ത വയറിളക്കത്തിന്‍റെ ചില ലക്ഷണങ്ങളാണ്.
2. ടൈഫോയ്ഡ് (Typhoid)
ജലജന്യ രോഗങ്ങളില്‍ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ രോഗമാണ് ടൈഫോയ്ഡ്. 2021-ൽ 1.9 ലക്ഷമായിരുന്ന കേസുകൾ 2024-ൽ 6 ലക്ഷമായി ഉയർന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് അതി കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത്. ബീഹാർ, ഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഈ രോഗം സ്ഥിരമായി കാണപ്പെടുന്നുണ്ട്.
ടൈഫോയ്ഡിന്റെ ലക്ഷണങ്ങൾ:
കടുത്ത പനിയാണ് ഇതിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണം. ചികിത്സിച്ചില്ലെങ്കിൽ ഇത് ആഴ്ചകളോളം നീണ്ടുനിൽക്കാം. തലവേദന, വിറയൽ, വിശപ്പില്ലായ്മ, വയറുവേദന, നെഞ്ചിലോ വയറിലോ കാണപ്പെടുന്ന ചുവന്ന പാടുകൾ, ചുമ, പേശി വേദന, ഓക്കാനവും ഛർദ്ദിയും വയറിളക്കം അല്ലെങ്കിൽ മലബന്ധം എന്നിവയും ടൈഫോയ്ഡിന്‍റെ മറ്റ് ലക്ഷണങ്ങളാണ്.
3. ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A and E)
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ എന്നിവ പ്രധാനമായും തെക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ കണ്ടുവരുന്നത്. 23,000 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളമാണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നാലെ ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുണ്ട്.
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നീ രണ്ട് രോഗങ്ങള്‍ക്കും ലക്ഷണങ്ങള്‍ സമാനമാണ്. ചിലപ്പോള്‍ ഇവ പ്രകടമായ യാതൊരു ലക്ഷണവും ഇല്ലാതെയും വരാം. പനി, സന്ധിവേദന അല്ലെങ്കിൽ ആർത്രൈറ്റിസ്, ചർമ്മത്തിൽ തടിപ്പുകൾ, നീര്, കടുത്ത ക്ഷീണം, പേശി വേദന, വിശപ്പില്ലായ്മ, ഓക്കാനം, ചുമ, വയറുവേദനഅല്ലെങ്കിൽ വയറിളക്കം എന്നിവയാണ് പ്രകടമായ ലക്ഷണങ്ങള്‍. രോഗത്തിന്‍റെ 'ഇക്ടറിക് ഘട്ടത്തിൽ' ചർമ്മവും കണ്ണിന്റെ വെള്ളഭാഗവും മഞ്ഞനിറമാകുന്നു.വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി എന്നിവ കൂടുതൽ വഷളാകാം. ചർമ്മത്തിൽ ചൊറിഞ്ഞുതടിച്ച പാടുകൾ ഉണ്ടായേക്കാം.
4. കോളറയും എലിപ്പനിയും (Cholera and Leptospirosis)
ദേശീയതലത്തിൽ നോക്കുമ്പോള്‍ കോളറ കേസുകൾ താരതമ്യേന കുറവാണ്. 2021-ൽ 217 കേസുകളായിരുന്നത് 2024-ൽ 2,273 ആയി. എന്നാൽ ഇത് ചില പ്രദേശങ്ങളിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു; 2024-ൽ ഗുജറാത്തിൽ മാത്രം 594 കോളറ കേസുകൾ റിപ്പോർട്ട് ചെയ്തു.
എലിപ്പനി (Leptospirosis) പ്രധാനമായും തീരപ്രദേശങ്ങളിലും മൺസൂൺ കാലത്തുമാണ് കൂടുതൽ കാണപ്പെടുന്നത്. ദേശീയതലത്തിൽ എലിപ്പനി കേസുകൾ 2024-ൽ 24,109 ആയി ഉയർന്നു. കേരളം, തമിഴ്‌നാട് (എന്നീ സംസ്ഥാനങ്ങളാണ് എലിപ്പനി സ്ഥിരമായി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങൾ.
ജലജന്യ രോഗങ്ങള്‍ക്ക് വൈദ്യസഹായം തേടേണ്ടത് എപ്പോള്‍?
ഈ ജലജന്യ രോഗങ്ങളുടെ ലക്ഷണങ്ങൾ 2-3 ദിവസങ്ങളിൽ കൂടുതൽ നീണ്ടുനിൽക്കുകയോ, വേഗത്തിൽ വഷളാകുകയോ ചെയ്താൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്. കടുത്ത പനി, വിട്ടുമാറാത്ത ഛർദ്ദി, മലത്തിൽ രക്തമോ കഫമോ കാണപ്പെടുക, നിർജ്ജലീകരണം, മഞ്ഞപ്പിത്തം (ചർമ്മം/കണ്ണുകൾ മഞ്ഞനിറമാകുക), കഠിനമായ വയറുവേദന, ആശയക്കുഴപ്പം, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, നെഞ്ചുവേദന, മൂത്രത്തിലോ മലത്തിലോ രക്തം വരിക, അല്ലെങ്കിൽ ശ്വസനതടസ്സം തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകരുത്. ആന്റിബയോട്ടിക്കുകൾ, ആന്റിവൈറൽ മരുന്നുകൾ അല്ലെങ്കിൽ മറ്റ് അനുബന്ധ ചികിത്സകൾ എന്നിവയിലൂടെയുള്ള കൃത്യസമയത്തുള്ള ഇടപെടൽ വൃക്ക തകരാറിലാകുന്നത് അല്ലെങ്കിൽ സെപ്സിസ് (Sepsis) പോലുള്ള മാരകമായ സങ്കീർണ്ണതകൾ തടയാൻ സഹായിക്കും.