വൈറ്റില ജംക്ഷനിലെ ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായിട്ട് ആറ് ദിവസം. കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജംക്ഷനിൽ ജീവൻ കൈയിൽ പിടിച്ചോടേണ്ട ഗതികേടിലാണ് യാത്രക്കാർ.
നാലുപാട് നോക്കിയാൽ മാത്രം പോരാ, ആറ് ദിശകളിലേക്കും ശ്രദ്ധിക്കേണ്ട കൊച്ചി വൈറ്റില ജംക്ഷൻ. ഇവിടെ കഴിഞ്ഞ ആറ് ദിവസമായി ട്രാഫിക് സിഗ്നൽ കണ്ണടച്ചിരിക്കുകയാണ്. പകൽ സമയം പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും രാത്രിയാകുമ്പോൾ വൈറ്റില ജംക്ഷൻ പൂർണ്ണമായും ഇരുട്ടിലാവുന്നു. ഹൈമാസ്റ്റ് ലൈറ്റുകളുടെ വെളിച്ചം പോലും ജംക്ഷനിലെത്തുന്നില്ല. വണ്ടികൾ ഏതു ഭാഗത്തുനിന്ന് മുന്നിലേക്ക് പാഞ്ഞെത്തുമെന്നത് ഡ്രൈവർമാർക്ക് കണക്കുകൂട്ടാനാകാത്ത അവസ്ഥ.
തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങളും,കണിയാമ്പുഴ ഭാഗത്ത് നിന്ന് എസ്.എ റോഡിലേക്ക് കടക്കുന്ന വാഹനങ്ങളും ഒരുമിച്ച് എത്തുമ്പോൾ വൈറ്റില പൂർണ്ണമായും ബ്ലോക്കിലാകുന്നു. മുൻപ് സിഗ്നൽ പ്രവർത്തിച്ചിരുന്നപ്പോൾ ബ്ലോക്ക് ഉണ്ടായിരുന്നെങ്കിലും ഗതാഗതത്തിന് ഒരു ക്രമമുണ്ടായിരുന്നു. ഇപ്പോൾ ട്രാഫിക് പൊലീസ് നേരിട്ട് എത്തുമ്പോഴും നിയന്ത്രിക്കാനാവാത്ത അവസ്ഥ. വൈറ്റിലയിലെ ട്രാഫിക് സിഗ്നൽ പരിപാലിക്കുന്ന കെൽട്രോൺ വാർഷിക അറ്റകുറ്റപ്പണി കരാർ പുതുക്കാത്തതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞു കൈമലർത്തുന്നു. സിഗ്നൽ സ്ഥാപിച്ചത് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നിർദേശപ്രകാരമാണ്. പദ്ധതി കാലാവധി കഴിഞ്ഞതോടെ ഇനി ഉത്തരവാദിത്തം ആരുടേതെന്നതിൽ വ്യക്തതയില്ല.