നേപ്പാളില്‍ നിന്നെത്തി കേരളത്തിന്‍റെ പ്രിയ മകളായി മാറിയ ദുര്‍ഗ കാമിയ്ക്ക് കണ്ണീരോടെ വിട. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവച്ചെങ്കിലും മരണത്തിന് കീഴടങ്ങിയ ദുര്‍ഗയുടെ ഭൗതികശരീരം കളമശ്ശേരിയിലെ സഭ സെമിത്തേരിയില്‍ സംസ്കരിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെയും ഹൃദയാഘാതത്തെയും തുടര്‍ന്ന് ഇന്നലെ രാത്രി 10.05നായിരുന്നു ദുര്‍ഗയുടെ വിയോഗം.
ദുർഗ കാമിയെ അവസാനമായി കാണാൻ ജനറൽ ആശുപത്രി മോർച്ചറിക്ക് മുന്നിൽ നൂറുകണക്കിന് ആളുകളാണ് തിങ്ങി കൂടിയത്. ദുർഗയുടെ മൃതദേഹം ആംബുലൻസിലേക്ക് കയറ്റുമ്പോൾ ആശുപത്രി ജീവനക്കാർ ഉൾപ്പെടെ വിങ്ങിപ്പൊട്ടി. അത്രമേൽ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് ദുർഗ അവർക്ക് പ്രതീക്ഷ നൽകിയിരുന്നു. അമ്മയുടെയും സഹോദരിയുടെയും ജീവനെടുത്ത സമാന ജനിതക രോഗത്തോടായിരുന്നു 21 കാരി നേപ്പാൾ സ്വദേശിനി ദുർഗയുടെ പോരാട്ടവും. ഡാനോണിസ് ഡിസീസ് എന്ന ജനിതകരോഗമായതിനാൽ ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. അങ്ങനെ രാജ്യത്താദ്യമായി ഒരു ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. തിരുവനന്തപുരത്ത് മസ്തിഷ്ക്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമായിരുന്നു ഡിസംബർ 22 ന് ദുർഗയ്ക്ക് മാറ്റിവച്ചത്.
മണ്ണോപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ ദുർഗയെ അവസാനമായി കാണാൻ കാത്തിരുന്ന സഹോദരൻ കൂടിനിന്നവർക്ക് കണ്ണീർ കാഴ്ചയായി. കളമശ്ശേരിയിലെ സഭസെമിത്തേരിയിലേക്കുള്ള വിലാപയാത്രയിലും ദുർഗയ്‌ക്കൊപ്പം അവൻ നടന്നു. ജീവിതത്തിൽ ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്നുള്ള സത്യം മനസ്സിൽ ഉറപ്പിച്ച്.